പള്ളിവാസലിലെ റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടല്‍; വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ട പള്ളിവാസലിലെ പ്ലംജുഡി റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടല്‍. ഇന്നലെ വൈകിട്ട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ റിസോര്‍ട്ടിലേക്കുള്ള ഏക വഴി പൂര്‍ണമായും ഒലിച്ചു പോയി. ഈ സാഹചര്യത്തില്‍ റിസോര്‍ട്ടിനുള്ളില്‍ താമസിക്കാന്‍ എത്തിയ വിദേശികള്‍ അടക്കം നിരവധി പേരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. 50 പേരോളമാണ് ഇവിടെ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കിയത്. ഉത്തരവിനെതിരെ റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലും റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ തന്നെ ആയിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, മേല്‍ക്കോടതിയെ സമീപിച്ച് റിസോര്‍ട്ട് ഉടമകള്‍ അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.

ഇവിടെ പാറക്കല്ലുകള്‍ വീഴാന്‍ ഇനി സാധ്യത ഇല്ലെന്ന കര്‍ണാടകയിലെ സൂറത്കല്‍ എന്‍.ഐ.ടിയിലെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ഈ സ്ഥലത്താണ് ഇപ്പോള്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. ഇവിടെ കുടിങ്ങി കിടക്കുന്നവരെ മറ്റ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!