ഇന്ത്യ, ബ്രസീല്‍ തെരഞ്ഞെടുപ്പുകളില്‍ റഷ്യന്‍ ഇടപെടലുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഇന്ത്യയിലെയും ബ്രസീലിലെയും പൊതുതിരഞ്ഞെടുപ്പുകളിലും റഷ്യൻ ഇടപെടലുകൾ ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയുമാകും ഇടപെടലെന്നും റിപ്പോർട്ടിൽ പറയുന്നു. ഓക്സ്ഫഡ് സർവകലാശാലയിലെ സമൂഹമാധ്യമ വിദഗ്ധൻ ഫിലിപ്പ് എൻ. ഹോവാർഡാണു മുന്നറിയിപ്പുമായി രംഗത്തെത്തിയത്. നേരത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയെന്ന ആരോപണം ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഇന്ത്യന്‍ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങളെയും സാമൂഹ്യമാധ്യമങ്ങളെയും ഉപയോഗിച്ചായിരിക്കും റഷ്യ ഇടപെടല്‍ നടത്തുക എന്നാണ് ഫിലിപ്പ് എന്‍. ഹെവാര്‍ഡ് നിരീക്ഷിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തി റഷ്യ ട്രംപ് അനുകൂല തരംഗമുണ്ടാക്കിയെന്ന ആരോപണത്തില്‍ യുഎസ് സെനറ്റ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കാന്‍ എത്തിയപ്പോഴാണ് ഹെവാര്‍ഡ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ പോലൊരു രാജ്യത്ത് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ഉള്ളതു പോലെ പ്രൊഫഷണലിസം ഇല്ലാത്തതിനാല്‍ അത് കൂടുതല്‍ ഭീതിജനകമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇത് സംബന്ധിച്ച കൂടുതല്‍ വിശദീകരണങ്ങള്‍ നടത്താന്‍ അദ്ദേഹം തയാറായില്ല. ഹംഗേറിയന്‍ മാധ്യമങ്ങളില്‍ റഷ്യ ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയതായുള്ള സൂചനയും സെനറ്റിന് മുന്നില്‍ അദ്ദേഹം നടത്തി. ഇന്ത്യയ്‌ക്കൊപ്പം ജനാധിപത്യ രാജ്യമായ ബ്രസീലിലും ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. ഇവിടെയും റഷ്യ ഇടപെടല്‍ നടത്തിയേക്കുമെന്ന സൂചന അദ്ദേഹം നല്‍കിയിട്ടുണ്ട്.

കേംബ്രിഡ്ജ് അനലിറ്റിക്ക നേരത്തെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഉപയോഗിച്ചതായുള്ള ആരോപണം ശക്തമായി നിലനില്‍ക്കുന്നുണ്ട്.

error: Content is protected !!