ജലനിരപ്പുയര്‍ന്നു; മലമ്പുഴ ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

മലമ്പുഴ അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. നാലു ഷട്ടറുകളും ഒൻപതു സെന്റീമീറ്റർ വീതം ഉയർത്തി ജലം പുഴയിലേക്ക് ഒഴുക്കും. നേരത്തെ മൂന്നു സെന്റീമീറ്ററായിരുന്നു ഉയർത്തിയിരുന്നത്. ഇതോടെ കൂടുതലായി എത്തുന്ന ജലം ഭാരതപ്പുഴയിലേക്ക് ഒഴുകും.ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ കല്‍പാത്തി, ഭാരതപ്പുഴകളുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് അറിയിച്ചു.

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനത്തതാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാനിടയാക്കിയത്. 115.06 മീറ്റര്‍ പരിധിയുള്ള ഡാമില്‍ നിലവില്‍ 115 മീറ്ററാണ് ജലനിരപ്പ്. കൂടുതല്‍ വെള്ളം ഒഴുക്കുന്നതിനാല്‍ മലമ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍നിന്നുള്ള ഉല്‍പാദനം ഇന്ന് തുടങ്ങും. വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിനേത്തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയത്. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയതോടെ മലമ്പുഴ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നത്.

ഇതിനുമുന്പ് 2013-ലും 14-ലുമാണ് ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നത്. 2013-ല്‍ ഓഗസ്റ്റ് 15മുതല്‍ നവംബര്‍ എട്ടുവരെയും 2014-ല്‍ സെപ്റ്റംബര്‍ ആറുമുതല്‍ ഒക്ടോബര്‍ 27വരെയുമാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മഴ കുറഞ്ഞത് അണക്കെട്ടിലെ സംഭരണത്തെ ബാധിച്ചു. കഴിഞ്ഞവര്‍ഷം രണ്ടാംവിളയ്ക്ക് കര്‍ഷകര്‍ 90 ദിവസം കനാലുകള്‍വഴി വെള്ളം വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത്രയും ദിവസം നല്‍കാന്‍പോലും വെള്ളം തികഞ്ഞിരുന്നില്ല. 2011-ലും 2013-ലും ജൂലായില്‍ത്തന്നെ ജലനിരപ്പ് 113 മീറ്ററായിരുന്നു.

error: Content is protected !!