മഴക്കെടുതി; മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ ഒഴിവാക്കി

ആ​ഗസ്റ്റ് 12 വരെയുള്ള പൊതുപരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ റദ്ദാക്കി. സംസ്ഥാനത്ത് മഴക്കാലക്കെടുതി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരും. രക്ഷാപ്രവർത്തനത്തിന്റേയും മഴക്കെടുതിയുടേയും വിവരങ്ങൾ വിശ​ദീകരിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസ് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്.

സംസ്ഥാനത്തെ ഇന്നത്തെ മഴക്കെടുതിയുടെ വ്യാപ്തിയും പ്രതിരോധപ്രവർത്തനങ്ങളും വിലയിരുത്താൻ മുഖ്യമന്ത്രി രാവിലെ ഉന്നതതലയോ​ഗം വിളിച്ചിരുന്നു. സംസ്ഥാനത്ത്  കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി  വിലയിരുത്തി.  കര – വ്യോമ – നാവിക സേനകളുടേയും എൻ ഡി ആർ എഫ്, കോസ്റ്റ് ഗാർഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് യോ​ഗം വിലയിരുത്തി.

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതൽ വെള്ളം തുറന്നു വിടേണ്ടി വരും. നിലവിലുള്ളതിനേക്കാളം മുന്നിരട്ടിയിലധികം വെള്ളം തുറന്നു വിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും വെള്ളം ഉയരും. ജാഗ്രതാ നിർദ്ദേശം മൈക്ക് അനൗൺസ്മെന്റിലൂടെ ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാർപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!