കേരളത്തിന് സൗജന്യ അരി നല്‍കാനാവില്ലെന്ന് വീണ്ടും കേന്ദ്ര ഭക്ഷ്യമന്ത്രാലയം

കേരളത്തിന് സൗജന്യ അരി നല്‍കാനാവില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിനു നല്‍കിയ അധിക അരിയുടെ വില കേന്ദ്ര ദുരിതാശ്വാസ നിധിയില്‍നിന്ന് (എന്‍ഡിആര്‍എഫ്) ഈടാക്കുമെന്നു ഭക്ഷ്യമന്ത്രി റാംവിലാസ് പസ്വാന്‍ അറിയിച്ചു.കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നെത്തിയ എംപിമാരുടെ സംഘത്തെയാണ് അദ്ദേഹം നിലപാടറിയിച്ചത്.

നേരത്തെ സൗജന്യമായി അരി തരില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതോടെ സൗജന്യമായി അരു നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ 9 ദിവസമായിട്ടും കേന്ദ്രം ഉത്തരവിറക്കിയിരുന്നില്ല.89,000 ടണ്‍ അരി കേരളത്തിന് കേന്ദ്രം അധികം അനുവദിച്ചിരുന്നു. തല്‍ക്കാലം വില ഈടാക്കാതെ അരി നല്‍കാനായിരുന്നു എഫ്‌സിഐയ്ക്കു നല്‍കിയ നിര്‍ദേശം.

അനുവദിച്ച അരിക്ക് കിലോഗ്രാമിന് 25 രൂപ നിരക്കില്‍ നല്‍കണമെന്നു കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കേരളം ഒരുമാസത്തെ റേഷന്‍ വിഹിതമായ 1.18 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്.

ഒരു കിലോയ്ക്ക് 25 രൂപനിരക്കില്‍ കേരളം 228 കോടി രൂപ നല്‍കണം. ഇത് ഉടന്‍നല്‍കേണ്ട എന്നൊരു ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും നിശ്ചിത സമയ പരിധിക്കുള്ളില്‍ നല്‍കണം. സംസ്ഥാനം പണം നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് ഈ തുക കുറച്ചശേഷമെ നല്‍കൂ എന്നും കേന്ദ്രം വ്യക്തമാക്കി.

 

error: Content is protected !!