ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്: പ്രതിഷേധം കനക്കുന്നു

ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി. ഭീമ കോര്‍ഗാവ് ആക്രമണവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൂനെ പൊലീസ് അറസ്റ്റു ചെയ്ത അഞ്ച് സാമൂഹിക പ്രവര്‍ത്തകരെ സ്വതന്ത്രരാക്കണമെന്നാവശ്യപ്പെട്ട് ജന്‍ ഏകതാ ജന്‍ അധികാര്‍ ആന്തോളന്‍ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ആയിരങ്ങള്‍ തലസ്ഥാനനഗരിയില്‍ തെരുവിലിറങ്ങിയത്.

‘ഏകാധിപത്യം അനുവദിക്കില്ല’, ‘യു.എ.പി.എ റദ്ദു ചെയ്യണം’ എന്നീ മുദ്രാവാക്യങ്ങളുമായി നിരത്തുകളിലിറങ്ങിയ പ്രതിഷേധ സംഘം അറസ്റ്റു ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ചിത്രമുള്ള മുഖംമൂടികള്‍ ധരിച്ചാണെത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആക്രമിക്കുന്നത് വച്ചുപൊറുപ്പിക്കാനാവില്ലെന്നും വിസമ്മതം പ്രകടിപ്പിക്കുന്നവരെ അറസ്റ്റു ചെയ്യുന്ന നടപടി എതിര്‍ക്കേണ്ടതുണ്ടെന്നും പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു.

സി.പി.ഐ.എം നേതാക്കളായ ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവരും ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദ്, ദല്‍ഹി സാമൂഹിക ക്ഷേമ വകുപ്പു മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം എന്നിവരും സംഗമത്തില്‍ പങ്കെടുത്തിരുന്നു. ‘ഭയപ്പെടാനുള്ള സമയമല്ലിത്. സ്റ്റേറ്റിന്റെ അടിച്ചമര്‍ത്തലിനെതിരെ പ്രതികരിച്ച് നമ്മുടെ തെരുവുകള്‍ വീണ്ടെടുക്കേണ്ടതുണ്ട്.’ ടീസ്ത പറഞ്ഞു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വ്യക്തികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് നേരത്തേ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രമുഖര്‍ അഭിപ്രായപ്പെട്ടിരുന്നു. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ്, ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍, ആക്ടിവിസ്റ്റുകളായ അരുണാ റോയ്, ബെസ്‌വാദാ വില്‍സണ്‍ എന്നിവര്‍ രൂക്ഷമായാണ് സംഭവത്തെ അപലപിച്ചത്.

ദല്‍ഹിയിലെ പ്രതിഷേധങ്ങള്‍ക്കു പുറമേ, കേരളത്തില്‍ പലയിടത്തും അറസ്റ്റുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധപരിപാടികള്‍ നടത്തിരുന്നു. കോഴിക്കോട്, കൊടുങ്ങല്ലൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്ത സംഗമങ്ങളും റാലികളും നടന്നു. കോഴിക്കോട്ട് മാനാഞ്ചിറയില്‍ ജനങ്ങള്‍ കൂടിയിരുന്നു പ്രതിഷേധമറിയിച്ചു. കണ്ണൂരില്‍ വലിയ ജനാവലി പങ്കെടുത്ത റാലിയും നടന്നിരുന്നു. ഇതിനു തുടര്‍ച്ചയായി വടകരയിലും പ്രതിഷേധ പരിപാടികള്‍ അരങ്ങേറും.

error: Content is protected !!