കണ്ണൂര്‍ നെല്ലിയോടിയിലെ വിള്ളലിന് കാരണം കനത്ത മഴയും മണ്ണിന്റെ ചെരിവും

കണ്ണൂര്‍:കൊട്ടിയൂര്‍ നെല്ലിയോടി കണ്ടപ്പുനം മേമലയില്‍ വിള്ളല്‍ രൂപപ്പെട്ട സ്ഥലം ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസിലെ ജിയോളജിസ്റ്റ് സന്ദര്‍ശിച്ചു. അതിശക്തമായ മഴയും പ്രദേശത്തെ ഭൂമിയുടെ ചെരിവും മണ്ണിന്റെ ഘടനയും മൂലമാണ് മേമലയില്‍ വിള്ളല്‍ രൂപപ്പെട്ടതെന്ന് ജിയോളജിസ്റ്റ് കെ.ആര്‍. ജഗദീശന്‍ അറിയിച്ചു. ഇതേക്കുറിച്ച് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിന്റെ വിശദമായ പഠനത്തിനായി ശുപാര്‍ശ നല്‍കാനായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

പ്രദേശത്ത് മണ്ണില്‍ മണ്ണിന് പിടിച്ചുനിര്‍ത്താന്‍ കഴിയുന്നതില്‍ കൂടുതല്‍ മഴവെള്ളം ഇറങ്ങിയതാണ് വിള്ളലിന് ഒരു കാരണമെന്ന് ജിയോളജിസ്റ്റ് അറിയിച്ചു. 35 ഡിഗ്രി ചെരിവുള്ള സ്ഥലമാണിത്. അതിനാല്‍ താഴത്തെ ഭാഗത്തുനിന്ന് ഭൂഗുരുത്വാകര്‍ഷണം മൂലമുള്ള വലിവും ഉണ്ടാവും. ഇതുമൂലമാണ് വിള്ളല്‍ രൂപപ്പെടുന്നത്. 300 മുതല്‍ 400 മീറ്റര്‍ വരെ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. വിള്ളല്‍ കുറേ ദൂരത്തേക്കുള്ളതിനാല്‍ പിന്നെയും വെള്ളം വരുമ്പോള്‍ ഒന്നിച്ച് ഇളകിപ്പോവും. അതാണ് ഉരുള്‍പൊട്ടലെന്ന് പറയുന്നത്. ഉരുള്‍പൊട്ടലിന്റെ തുടക്കമാണിതെന്ന് പറയാം. ഇവിടെ ഉരുള്‍പൊട്ടല്‍ ഉണ്ടാവുന്നത് ഇത്തവണ ആവണമെന്നില്ല. അടുത്ത തവണ വെള്ളം വരുമ്പോള്‍ മണ്ണ് ഇളകാന്‍ സാധ്യതയുണ്ട്. വീടിന്റെ മുറ്റത്താണ് വിള്ളല്‍ രൂപപ്പെട്ടത്. ഒരു വീട് പൊളിഞ്ഞുവീണു. രണ്ടു മൂന്ന് വീടുകളുടെ ഭിത്തി പൊളിഞ്ഞിട്ടുണ്ട്. ഇതിന്റെ താഴെ ജനങ്ങള്‍ താമസിക്കാന്‍ പാടില്ല. മാറിത്താമസിച്ചവര്‍ മഴ കഴിയുന്നതുവരെ തിരിച്ചുവരരുത്. വിള്ളല്‍ വീണ വീടുകളിലൊന്നും ഇനി താമസിക്കാനും പറ്റില്ല. അവര്‍ അവിടെനിന്ന് മാറേണ്ടി വരുമെന്നും ജിയോളജിസ്റ്റ് അറിയിച്ചു.

ഇതിന്റെ ചുറ്റുപാടുനിന്നും കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശം സണ്ണി ജോസഫ് എം.എല്‍.എ, കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ജിയോളജിസ്റ്റ് സ്ഥിതിഗതികള്‍ വിശദീകരിച്ചു.

error: Content is protected !!