തകര്‍ന്ന മുളപ്പാലങ്ങള്‍ പുനര്‍നിര്‍മിച്ചു; രാജഗിരി ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങി

കണ്ണൂര്‍:കാര്യങ്കോട് പുഴക്ക് കുറുകെയുണ്ടായിരുന്ന മുളപ്പാലങ്ങള്‍ പുനര്‍നിര്‍മിച്ചതിനെത്തുടര്‍ന്ന് ചെറുപുഴ പഞ്ചായത്തിലെ രാജഗിരി ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ കുടുംബങ്ങള്‍ കോളനികളിലേക്ക് മടങ്ങി. കനത്ത മഴയും കര്‍ണാടക വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കാര്യങ്കോട് പുഴയില്‍ വെള്ളം കയറി ഇടക്കോളനി, കാനംവയല്‍ പട്ടികവര്‍ഗ കോളനി എന്നിവിടങ്ങളിലെ മുളപ്പാലങ്ങള്‍ തകര്‍ന്നത്.

പാലം ഒഴുകിപ്പോയതോടെ ഒറ്റപ്പെട്ട കുടുംബങ്ങളെ ജനപ്രതിനിധികളും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രാജഗിരി സെന്റ് അഗസ്റ്റിന്‍സ് പള്ളി പാരിഷ് ഹാളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു.36 കുടുംബങ്ങളില്‍ നിന്നുള്ള 96 പേരായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്.കോളനികളിലേക്ക് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്ന ചടങ്ങ് സി കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് കുടംബങ്ങളെ തിരികെ വീടുകളിലെത്തിച്ചത്.

ക്യാമ്പില്‍ സഹായമായി ലഭിച്ച അരിയുള്‍പ്പെടെയുള്ള പലവ്യഞ്ജനങ്ങളും വീടുകളിലേക്ക് തിരികെ പോയവര്‍ക്ക് നല്‍കി. പാത്രങ്ങള്‍ വാങ്ങാന്‍ 2,000 രൂപയും വസ്ത്രങ്ങള്‍ വാങ്ങാന്‍ 1800 രൂപയുമടക്കം ഓരോ കുടുംബത്തിനും 3800 രൂപ വീതം ധനസഹായം ലഭിക്കും.ദുരിതാശ്വാസ ക്യാമ്പിന്റെ വിജയപൂര്‍ണമായ നടത്തിപ്പിന് സഹായം ചെയ്തവരെയും രക്ഷാപ്രവര്‍ത്തനത്തിലും പാലം നിര്‍മ്മാണത്തിലും ഏര്‍പ്പെട്ടവരെയും എം.എല്‍.എ അഭിനന്ദിച്ചു.

ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് അധ്യക്ഷയായിരുന്നു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ദീന്‍, മുന് പ്രസിഡന്റ് സി സത്യപാലന്‍, മെമ്പര്‍ മറിയാമ വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സണ്‍, പഞ്ചായത്തംഗങ്ങളായ കെ കെ ജോയി, ലാലി തോമസ്, വി കൃഷ്ണന്‍ മാസ്റ്റര്‍, ഡി വൈ എസ് പി വേണുഗോപാല്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ കെ ശശി, ഡോ. അഭിലാഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.

ക്യാമ്പ് ആരംഭിച്ച ദിവസം മുതല്‍ തന്നെ സഹായങ്ങളുമായി നിരവധി വ്യക്തികളും സംഘടനകളും ഇവിടേക്കെത്തിയിരുന്നു. പെരിങ്ങോം സി ആര്‍ പി എഫ് ക്യാമ്പിലെ ജവാന്മാരുള്‍പ്പെടെയുള്ളവരായിരുന്നു ക്യാമ്പില്‍ സഹായവുമായെത്തിയത്. കഴിഞ്ഞദിവസം പാലം പുനര്‍നിര്‍മിക്കുന്നതിനും നാട്ടുകാരുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ഇരുപാലങ്ങളും സഞ്ചാരയോഗ്യമാക്കിയത്.

രാജഗിരി ഇടക്കോളനിയിലേക്കുള്ള പാലത്തിന്റെ പുനര്‍നിര്‍മാണത്തിനു വിജേഷ് ജോര്‍ജ്, വര്‍ഗീസ് മുകളേല്‍, മുളപ്രക്കാരന്‍ കണ്ണന്‍, കവളക്കാട്ടില്‍ സന്തോഷ്, തറയില്‍ തോമസ് എന്നിവരും കാനംവയല്‍ പട്ടികവര്‍ഗ കോളനിയിലേക്കുള്ള പാലം പുതുക്കിപ്പണിയുന്നതിനു ലയേഷ് ഇളയിടത്ത്, സുരേഷ് മുത്തേടത്ത്, ആല്‍ബി ആലക്കല്‍ എന്നിവരും നേതൃത്വം നല്‍കി.

error: Content is protected !!