മിനിമം ബാലന്‍സ്; ഇടപാടുകരെ പിഴിഞ്ഞ് ബാങ്കുകള്‍, കഴിഞ്ഞ വര്‍ഷം ലഭിച്ചത് 4989.55 കോടി

ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരില്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 2017-18ല്‍ നേടിയത് 4989.55 കോടി രൂപ. ഇതില്‍ രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ഇടപാടുകാരില്‍നിന്ന് ഈടാക്കിയത് 3550.99 കോടി രൂപ.

ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് കൂടിയായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് – 2433.87 കോടി രൂപ. പിന്നിട്ട നാലു വർഷങ്ങളിലായി രാജ്യത്തെ 24 പൊതുമേഖലാ–സ്വകാര്യ ബാങ്കുകൾ ഈയിനത്തിൽ നേടിയ തുക കേട്ടാൽ അൽപം ഞെട്ടാതെ തരമില്ല – 11,500 കോടി രൂപ.

പഞ്ചാബ് നാഷണല്‍ ബാങ്കാണു രണ്ടാം സ്ഥാനത്ത് – 210.76 കോടി രൂപ. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 173.92 കോടിയും കാനറാ ബാങ്ക് 118.11 കോടി രൂപയും ഈടാക്കി. രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു സ്വകാര്യ ബാങ്കുകള്‍ ഈടാക്കിയിരിക്കുന്നത് 1438.56 കോടി രൂപയാണ്. എ. സമ്പത്ത് എംപിക്കു ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യ ബാങ്കുകളില്‍ എച്ച്ഡിഎഫ്‌സി ബാങ്കാണു മുന്നില്‍. കഴിഞ്ഞ വര്‍ഷം 590.84 കോടി രൂപയാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഇവര്‍ ഈടാക്കിയത്. ആക്‌സിസ് ബാങ്ക് 530.12 കോടിയും ഐസിഐസിഐ ബാങ്ക് 317.6 കോടിയും പിഴ ചുമത്തി.

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2017 മാര്‍ച്ച് മുതല്‍ മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയ എസ്ബിഐ ബേസിക് സേവിങ്‌സ് അക്കൗണ്ടുകളെയും ജന്‍ധന്‍ അക്കൗണ്ടുകളേയും മാത്രം ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു. 42 കോടിയിലേറെ അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാർച്ചിൽ മിനിമം ബാലന്‍സ് പിഴത്തുക 75 ശതമാനത്തോളം എസ്ബിഐ കുറച്ചിരുന്നു.

.

error: Content is protected !!