തൊടുപുഴ കൂട്ടക്കൊലപാതകം; കൃഷ്ണന്‍ ആക്രമണം ഭയന്നിരുന്നു

കമ്പകക്കാനത്തിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മന്ത്രവാദവും ആഭിചാരക്രിയകളും ചെയ്തിരുന്ന കൃഷ്ണൻ ചിലർക്ക് നിധി കണ്ടെത്തി നൽകാം എന്ന് വാ​ഗ്ദാനം ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു.

തമിഴ്നാട്ടുകാരായ ഒരു സംഘം ആളുകൾക്കാണ് കൃഷ്ണൻ ഇത്തരമൊരു വാ​ഗ്ദാനം നൽകിയതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നും ചിലർ കൃഷ്ണന്റെ വീട്ടിൽ വന്നിരുന്നു. ഇൗ സംഘത്തെ കണ്ടെത്താനായി പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

കൃഷ്ണൻ വീട്ടിലെ ഓരോ മുറിയിലും ആയുധങ്ങൾ സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പലതരം ചുറ്റികകൾ, കഠാരകൾ, ഇരുമ്പു വടി തുടങ്ങിയവ മുറികളിൽനിന്നു കണ്ടെത്തി. കൃഷ്ണൻ ആക്രമണം ഭയന്നിരുന്നതായി ഇതിൽനിന്നു വ്യക്തമാകുന്നുണ്ടെന്ന് പൊലീസ് പറയുന്നു. വീട്ടിൽനിന്നു രക്തം പുരണ്ട നിലയിൽ പൊലീസ് ചുറ്റിക, കഠാര, പേനാക്കത്തി, വെട്ടുകത്തി എന്നിവ കണ്ടെത്തിയിരുന്നു. ഇതൊക്കെ കൃഷ്ണന്റെ വീട്ടിൽനിന്നുതന്നെ എടുത്തതാണ്. ആയുധങ്ങൾ പണിതുകൊടുത്ത വെൺമണി സ്വദേശിയെ പൊലീസ് രണ്ടു തവണ ചോദ്യം ചെയ്തു.

കൃഷിപ്പണിക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ പണിതു കൊടുത്തത് താനാണെന്ന് ഇയാൾ പൊലീസിനെ അറിയിച്ചു. കൃഷ്ണൻ സ്ഥിരമായി ആയുധങ്ങൾ പണിയിച്ചിരുന്നു. സ്ഥിരമായി അരയിൽ കഠാര സൂക്ഷിച്ചിരുന്നു. നെല്ല് ഉപയോഗിച്ചു നടത്തിയിരുന്ന പൂജകളിൽ നെന്മണികൾ വകഞ്ഞുമാറ്റാനും മന്ത്രവാദത്തിനിടെ കോഴികളെ അറുക്കാനും ഈ കഠാര ഉപയോഗിച്ചിരുന്നു.

കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘം കൃഷ്ണന്റെ സഹോദരങ്ങളിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണന്റെ സഹായിയായ യുവാവിന്റെ വിവരങ്ങൾ ഇവർ സഹോദരങ്ങളിൽ നിന്നും ചോദിച്ചറിഞ്ഞു.

error: Content is protected !!