ഫോണില്‍ ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍; കുറ്റമേറ്റെടുത്ത് ഗൂഗിള്‍

ഉപഭോക്താക്കള്‍ അറിയാതെ സ്മാര്‍ട്ട് ഫോണില്‍ ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ സേവ് ചെയ്യപ്പെടുന്നുവെന്ന എന്ന പരാതി വ്യാപകമായി ഉയരുന്നതിനിടെ കുറ്റമേറ്റെടുത്ത് ഗൂഗിള്‍. ഫോണുകളിലെ ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയറിലെ ഒരു പ്രശ്‌നം കാരണമാണ് ഇത്തരമൊരു പിഴവ് സംങവിച്ചതെന്നും ആധാര്‍ അതോറിറ്റിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നും ഗൂഗിള്‍ അറിയിച്ചു.

ആന്‍ഡ്രോയിഡ് സെറ്റ്അപ് സഹായത്തില്‍ വിഷമഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ടതായി നല്‍കേണ്ട 112 എന്ന നമ്പറിന് പകരം കോഡിങ്ങിലെ അശ്രദ്ധ കാരണം ആധാര്‍ സഹായ നമ്പര്‍ കടന്നുകൂടിയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് ഔദ്യോഗിക ഇമെയിലിലൂടെ അറിയിച്ചു. 2014 മുതല്‍ രാജ്യത്തെ വിവിധ മൊബൈല്‍ ഫോണുകളില്‍ ഈ ടോള്‍ഫ്രീ നമ്പര്‍ ഉണ്ടായിരുന്നുവെന്നാണ് ഗൂഗിളിന്റെ വിലയിരുത്തല്‍. ജിമെയിലിലെ കോണ്‍ടാക്ട് വിവരങ്ങള്‍ ഐഫോണിലേക്ക് മാറ്റിയ ഫോണുകളിലും ഈ നമ്പര്‍ ഉള്‍പ്പെട്ടിരിക്കാമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടേതായി (യുഐഡിഎഐ) പലരുടെയും മൊബൈൽ ഫോണിൽ പ്രത്യക്ഷപ്പെട്ട ഹെൽപ് ലൈൻ നമ്പർ തങ്ങളുടേതല്ലെന്ന് ആധാർ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കൾ സേവ് ചെയ്യാത്ത നമ്പർ മൊബൈൽ ഫോണിൽ പ്രത്യക്ഷപ്പെട്ടതു വിവാദമായതിനു പിന്നാലെയാണ് യുഐഡിഎഐ അധികൃതർ വിശദീകരണം നൽകിയത്. 1800–300–1947 അല്ല 1947 ആണ് യുഐഡിഎഐയുടെ സഹായ നമ്പറെന്നും ഇത് രണ്ടു വർഷത്തിലേറെയായി പ്രവർത്തനക്ഷമമാണെന്നും വിശദീകരണമുണ്ടായി.

ആധാർ കാർഡ് അനുവദിക്കുന്ന തിരിച്ചറിയൽ അതോറിറ്റിയുടെ (യുഐഡിഎഐ) ടോൾ ഫ്രീ നമ്പർ മൊബൈൽ ഫോൺ കോൺടാക്ട് പട്ടികയിൽ അറിയാതെ പ്രത്യക്ഷപ്പെട്ടത് ആധാർ നമ്പരുമായി ബന്ധപ്പെട്ട പോരായ്മകൾ പുറത്തുകൊണ്ടു വന്ന സൈബർ സുരക്ഷാ വിദഗ്ധൻ എലിയറ്റ് ആൽഡേഴ്സ്നാണ് പുറത്തുവിട്ടത്. ഇതിനുപിന്നാലെ കൂടുതൽ ആളുകൾ ഇതേ പരാതിയുമായെത്തുകയായിരുന്നു.

error: Content is protected !!