തൊടുപുഴ കൂട്ടക്കൊലപാതകം; ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവുകള്‍ മരണകാരണം

തൊടുപുഴയിൽ കമ്പകക്കാനം കാനാട്ടു വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെ തലയ്ക്കടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വ്യക്തമായ ആസൂത്രണത്തോടെ എത്തിയ മൂന്നിൽ കൂടുതൽ ആളുകളുള്ള അക്രമി സംഘം ക്രൂരകൃത്യത്തിന് മൂന്ന് ആയുധങ്ങൾ ഉപയോഗിച്ചു.

വളരെ കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നിലധികം പേര്‍ ചേര്‍ന്നാണ് കൊലനടത്തിയത്. ചുറ്റിക, വടിവാള്,വാക്കത്തി തുടങ്ങിയ ആയുധങ്ങളാണ് കൊലയാളികള്‍ ഉപയോഗിച്ചിരിക്കുന്നത്. നാലുപേരുടെയും തലയിലും കഴുത്തിലും ചുറ്റികകൊണ്ട് അടിച്ചതിന് ശേഷം വടിവാളുകൊണ്ട് പലയാവര്‍ത്തി വെട്ടുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. നാലു പേരുടെ ദേഹത്തും 10 മുതല്‍ 20 വരെ മുറിവുകളും ചതവുകളുമുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. രഞ്ചു രവീന്ദ്രന്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സന്തോഷ് ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

മാരകമായ അടിയേറ്റു കൃഷ്ണന്റെ തലയോട്ടി തകര്‍ന്നിരുന്നു. മകന്‍ അര്‍ജുന്റെ തലയില്‍ 17 വെട്ടുകളുണ്ടായിരുന്നു. വയറില്‍ കുത്തേറ്റ് അര്‍ജുന്റെ കുടല്‍മാല വെളിയില്‍ വന്നിരുന്നു. മകള്‍ ആര്‍ഷയുടെ മൂന്നു കൈവിരലുകള്‍ അറ്റ നിലയിലായിരുന്നു. ഭാര്യയുടെ ശരീരത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

error: Content is protected !!