ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞു; മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തുടങ്ങി

പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടു. ഹെലിക്കോപ്റ്റർ മാർഗമാണ് സംഘം വെള്ളപ്പൊപ്പ ദുരിതം നേരിടുന്ന ജില്ലകളിലെത്തുന്നത്. രാവിലെ 7.45നാണ് സംഘം തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്.

റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പം പ്രളയ ബാധിത മേഖലകൾ സന്ദർശിക്കും. ആറ് സ്ഥലങ്ങളിൽ ഇറങ്ങി സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് സന്ദർശനം മൂന്നിടങ്ങളിലാക്കി ചുരുക്കിയിരുന്നു. ഇടുക്കിയിലാണ് ആദ്യമെത്തുക. കട്ടപ്പനയിൽ നടക്കുന്ന അവലോകനയോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും

കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളും നാളെ മഴ വിമുക്തമാകില്ല. എന്നാല്‍ ഇവിടങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയില്ല. അല്‍പം കൂടി ഗൗരവം കുറഞ്ഞ മഴയായിരിക്കും തൃശൂര്‍, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ലഭിക്കുക. കനത്ത മഴയെ തുടര്‍ന്ന് ഇതുവരെ സംസ്ഥാനത്ത് 29 പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇപ്പോഴും ജാഗ്രത തുടരണമെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും മുന്നറിയിപ്പ്.

മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2401.10 അടിയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല. കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും കാലടിയും ആലുവയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നാശനഷ്ടമൊന്നും ഉണ്ടായില്ല എന്ന ആശ്വാസവുമുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു. പെരിയാറില്‍ വെള്ളം കലങ്ങിയതിനാല്‍ കൊച്ചിയിലെ ശുദ്ധജല വിതരണത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.76 ആയി ഉയര്‍ന്നെങ്കിലും രാത്രി 11 മണിയോടെ 2401.56 ആയി കുറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ ജലനിരപ്പ് 2401.10 ആയി കുറഞ്ഞു.

ഡാമിന്റെ എല്ലാം ഷട്ടറുകളും തുറന്നതോടെ ചെറുതോണി പാലം വെള്ളത്തിനടിയിലായി. ചെറുതോണി ടൗണിലും ബസ്റ്റാന്‍ഡിലും വെള്ളം കയറിയിട്ടുണ്ട്. ചെറുതോണി വഴി കട്ടപ്പനയിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ഷട്ടറുകള്‍ തുറന്നതിന്റെ ഭാഗമായി പെരിയാറിന്റെ ഇരുകരയിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

error: Content is protected !!