പ്രളയത്തില്‍ നഷ്ടമായ വാഹന രേഖകള്‍ എളുപ്പത്തില്‍ ലഭ്യമാകും

പ്രളയം കാരണം നഷ്ടമായ രേഖകള്‍ എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ അവസരം. സംസ്ഥാനത്ത് പ്രളയത്തിൽ നഷ്ടപ്പെട്ട വാഹനരേഖകൾ ഉടമകൾക്ക് പുതുക്കി നൽകുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് തുടങ്ങി. വീട് പ്രളയം ബാധിച്ചെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവുമായി ആർടിഒ ഓഫീസിനെ സമീപിച്ചാൽ നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് തിരികെ ലഭിക്കും. സംസ്ഥാനത്തെ പ്രളയബാധിത മേഖലകളിലെ ആർടിഒ ഓഫീസുകൾ ഇതിനായി പ്രത്യേകം സജ്ജമായി കഴിഞ്ഞു. ലൈസൻസ്, ആർസി ബുക്ക് തുടങ്ങി നഷ്ടപ്പെട്ട വാഹനരേഖകളുടെ പകർപ്പ് സൗജന്യമായി സ്വന്തമാക്കാം.

മോട്ടോർ വാഹന വകുപ്പിന്‍റെ വെബ് സൈറ്റിൽ നിന്നോ ഇ സേവാ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ, അപേക്ഷ ഫോം എടുക്കണം. വീട് പ്രളയബാധിത പ്രദേശത്താണെന്ന് വില്ലേജ് ഓഫീസറുടെ  സാക്ഷ്യപത്രവും അപേക്ഷക്കൊപ്പം നൽകണം. അപേക്ഷയിൽ മറ്റ് തടസ്സങ്ങളില്ലെങ്കിൽ അന്ന് തന്നെ നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് സ്വന്തമാക്കാം.

ലഭിക്കുന്ന രേഖകൾ നഷ്ടപ്പെട്ട യഥാർത്ഥ രേഖകൾ പോലെ തന്നെ ഭാവിയിലേക്ക് ഉപയോഗിക്കാം. രേഖകൾ നഷ്ടപ്പെട്ടവർ ഉടനടി ആർടിഒ ഓഫീസിനെ സമീപിക്കണമെന്നുമില്ല. തിരക്ക് കുറഞ്ഞ് ശേഷം എപ്പോൾ എത്തിയാലും രേഖകൾ ലഭിക്കും. പ്രളയകാലത്താണ് രേഖകൾ നഷ്ടപ്പെട്ടതെന്ന് തെളിയിച്ചാൽ മാത്രം മതി.

error: Content is protected !!