ഏഷ്യന്‍ ഗെയിംസ്; സൈനയ്ക്ക് പിന്നാലെ സിന്ധുവും മെഡലുറപ്പിച്ചു

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്വാളും പി.വി സിന്ധുവും. സൈന സെമി ഫൈനലില്‍ കടന്നിതിനു പിന്നാലെ ലോക 11-ാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ തന്നെ നിച്ചോണ്‍ ജിന്‍ഡാപോളിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തകര്‍ത്ത് ലോക മൂന്നാം നമ്പര്‍ താരമായ സിന്ധുവും സെമി ഫൈനലില്‍ കടന്നു. സ്‌കോര്‍: 21-11, 16-21, 21-14.

സെമിഫൈനല്‍ പ്രവേശനത്തോടെ ഇരുവരും മെഡല്‍ ഉറപ്പാക്കി. ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്. ലോക നാലാം നമ്പര്‍ താരം തായ്ലന്‍ഡിന്റെ റാച്ചനോക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സൈനയുടെ സെമിഫൈനല്‍ പ്രവേശം. സ്‌കോര്‍: 21-18, 21-16. ലോക ഒന്നാം നമ്പര്‍ താരമായ തായ്ലന്‍ഡിന്റെ തായ് സൂ യിങ്ങാണ് സെമിയില്‍ സൈനയുടെ എതിരാളി. നാളെ നടക്കുന്ന സെമിയില്‍ ചെന്‍ യുഫേയിഅകാനെ യെമാഗുച്ചി മല്‍സര വിജയിയെ സിന്ധുവും നേരിടും.

അമ്പെയ്ത്ത് കോംപൗണ്ട് പുരുഷവിഭാഗം ടീം ഇനത്തില്‍ ഇന്ത്യ സെമിയില്‍. രജത് ചൗഹാന്‍, അമാന്‍ സയ്‌നി, അഭിഷേക് വര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ടീം 227-226ന് ഫിലിപ്പീന്‍സിനെ തോല്‍പ്പിച്ചു. ചൈനീസ് തായ്‌പേയിയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. വനിതകളുടെ ഗുസ്തി ഫ്‌ലൈ വെയ്റ്റ് 51 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യുടെ സര്‍ജുബാല ദേവി ക്വാര്‍ട്ടറില്‍ കടന്നു.

18-ാമത് ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനമായ ഇന്ന് ഇന്ത്യ ഇരട്ട വെള്ളി മെഡല്‍ കരസ്ഥമാക്കി. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ഫൗവാദ് മിര്‍സയാണ് വ്യക്തിഗത ഇനത്തിലെ ഇന്ത്യയുടെ മെഡല്‍ ജേതാവ്. 1982-ന് ശേഷം ഇന്ത്യ അശ്വാഭ്യാസം വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്നത് ഇതാദ്യമായാണ്. ഇതോടെ, ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് 31 മെഡലുകളായി.

error: Content is protected !!