ഇനി മെസിക്കെതിരെ കളിക്കേണ്ടല്ലോ; ആശ്വാസവുമായി ഫ്രഞ്ച് താരം

മെസിക്കെതിരെ കളിക്കുകയെന്നത് ഏതു താരത്തിനും, പ്രത്യേകിച്ച് പ്രതിരോധ താരങ്ങള്‍ക്ക് ലേശം പണിയുള്ള കാര്യമാണ്. ഡിഫന്‍ഡര്‍മാരെ നോക്കു കുത്തികളാക്കി മൈതാനത്ത് മികച്ച മുന്നേറ്റങ്ങളും അളന്നു മുറിച്ച പാസുകളും സൃഷ്ടിക്കുന്ന മെസി വലിയ തലവേദനയാണ് എതിര്‍ ടീമിലെ പ്രതിരോധ താരങ്ങള്‍ക്കുണ്ടാക്കുക.

ഈ സീസണില്‍ സ്പാനിഷ് ക്ലബ് സെവിയ്യയില്‍ നിന്നും ബാഴ്‌സലോണയിലേക്കെത്തിയ ഫ്രഞ്ച് യുവതാരം ലെങ്‌ലെറ്റ് ഇക്കാര്യം കൊണ്ടു തന്നെ വളരെ സന്തോഷവാനാണ്. ഇനി മെസിക്കെതിരെ കളിക്കുന്നതിന്റെ കഷ്ടപ്പാട് ഒഴിവാക്കി മെസിക്കൊപ്പം കളിക്കാമല്ലോയെന്നാണ് താരത്തിന്റെ പ്രധാന ആശ്വാസം.

ബാഴ്‌സ ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് ഫ്രഞ്ച് താരം ഇനി മെസിക്കെതിരെ കളിക്കണ്ടല്ലോയെന്ന് തമാശ രൂപത്തില്‍ പറഞ്ഞത്. മെസി ലോകത്തിലെ മികച്ച താരമാണെന്നും കളിക്കളത്തില്‍ വലിയ ആധിപത്യം സ്ഥാപിക്കാന്‍ താരത്തിനു കഴിയുമെന്നും ലെങ്‌ലെറ്റ് പറഞ്ഞു. ഭാഗ്യമുണ്ടെങ്കില്‍ മാത്രമാണ് താരത്തെ തടയാന്‍ കഴിയുകയെന്നും ഒരു ചെറിയ വീഴ്ച വന്നാല്‍ അതൊരു ഗോളാക്കി മാറ്റാന്‍ മെസിക്കു കഴിയുമെന്നും ലെങ്‌ലെറ്റ് പറഞ്ഞു. മികച്ച താരങ്ങള്‍ നിറഞ്ഞ ബാഴ്‌സക്കൊപ്പം പരിശീലിക്കാന്‍ എളുപ്പമുണ്ടെന്നും താരം പറഞ്ഞു.

ഇരുപത്തിമൂന്നുകാരനായ ലെങ്‌ലെറ്റ് ലോകകപ്പിനിടെയാണ് സെവിയ്യയില്‍ നിന്ന് ബാഴ്‌സയിലെത്തുന്നത്. മുപ്പത്തിയാറു ദശലക്ഷം യൂറോയുടെ ട്രാന്‍സ്ഫറിലാണ് താരം കറ്റലന്‍ ക്ലബിലെത്തിയത്. കഴിഞ്ഞ ജനുവരിയില്‍ ബാഴ്‌സലോണ സ്വന്തമാക്കിയ കൊളംബിയന്‍ താരം യെറി മിന ബാഴ്‌സയുടെ കേളീശൈലിയുമായി ഒത്തു പോവാത്തതാണ് ലെങ്‌ലെറ്റിനെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണയെ പ്രേരിപ്പിച്ചത്. അതേ സമയം ലോകകപ്പില്‍ ഉജ്ജ്വല ഫോമില്‍ കളിക്കുകയും മൂന്നു ഗോളുകള്‍ നേടുകയും ചെയ്ത മിന ടീമില്‍ നിന്നും പുറത്തു പോകുമെന്നാണ് സൂചനകള്‍

error: Content is protected !!