സെല്‍ഫ് ഗോള്‍; ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് വധഭീഷണി

ഇത്തവണത്തെ ലോകകപ്പ് ഫുട്ബോള്‍ പ്രമുഖ ടീമുകള്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. പുറത്തായ ടീമുകള്‍ക്കൊക്കെ ഫാന്‍സില്‍ നിന്നും ശക്തമായ പ്രതികരണവും ലഭിച്ചിരുന്നു. ബ്രസീലിനാണ് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നത്. ലോകകപ്പില്‍ ബ്രസീലിന്റെ ദുരന്തനായകനായി മാറുകയായരുന്നു ഫെർണാണ്ടീഞ്ഞോ. ബെൽജിയത്തിനെതിരായ മത്സരത്തിൽ സെൽഫ് ​ഗോൾ വഴങ്ങി ഒരു രാജ്യത്തിന്റെ മുഴുവൻ കണ്ണീരിനു കാരണക്കാരനായി മാറുവാനായിരുന്നു ഫെർണാണ്ടീഞ്ഞോയുടെ വിധി. മത്സരത്തിന്റെ 13ാം മിനു്ട്ടിലായിരുന്നു ബ്രസീല്‍ ആദ്യ ഗോള്‍ വഴങ്ങിയത്. ബെല്‍ജിയത്തിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യാനുള്ള ഫെര്‍ണാണ്ടീഞ്ഞോയുടെ ശ്രമം സ്വന്തം പോസ്റ്റിലേക്ക് പതിക്കുകയായിരുന്നു.

ലോകകപ്പ് പ്രതീക്ഷയുമായി റഷ്യയിലേക്ക് എത്തിയ കാനറികളുടെ ഈ പരാജയം ഒരു ബ്രസീൽ ആരാധകനെ സംബന്ധിച്ച് സഹിക്കാനാവുന്നതല്ല. ഫെർണാണ്ടീഞ്ഞോ ചെയ്തത് പൊറുക്കാനാകാത്ത അപരാധമാണ് എന്നാണ് ബ്രസീലുകാർ കരുതുന്നത്.ഇപ്പോൾ താരത്തിനും കുടുംബത്തിനും നേരെ സോഷ്യൽ മീഡിയയിൽ വധഭീഷണിവരെ ഉയരുകയാണ്. ഫെർണാണ്ടിഞ്ഞോയുടെ ഭാര്യ റോസ ഗ്ലോസിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ചീത്തവിളികളുടെ പെരുമഴയാണ്. ആക്ഷേപസന്ദേശങ്ങൾ അതിരുവിട്ടതോടെ ഫെർണാണ്ടിഞ്ഞോയുടെ അമ്മ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു.

ആദ്യ പകുതിയില്‍ വരുത്തിയ പ്രതിരോധ മണ്ടത്തരങ്ങളാണ് ബ്രസീലിന് ക്വാര്‍ട്ടറില്‍ പുറത്തേക്കുള്ള വഴി കാണിച്ചത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസമിറോയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് റയല്‍ മാഡ്രിഡ് താരത്തിന്റെ ഫോമില്‍ കളിക്കാന്‍ സാധിക്കാതായതോടെ ബ്രസീല്‍ ഗോളി അലിസണ്‍ ബെക്കര്‍ പലപ്പോഴും ആദ്യ പകുതിയല്‍ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ചുവന്ന ചെകുത്താന്മാരായ ബെൽജിയത്തോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് മഞ്ഞപ്പടയുടെ തോൽവി.

error: Content is protected !!