ഹ്യൂമേട്ടൻ കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടെന്ന് സൂചന

കേരളാബ്ലാസ്റ്റേഴ്സിന്റെ കനേഡിയൻ സൂപ്പർ താരവും ഐ എസ് എല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള താരവുമായ ഇയാൻ ഹ്യൂം ടീം വിട്ടെന്ന് സൂചന. നേരത്തെ ഹ്യൂം ടീം വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കുറച്ച് സമയം മുൻപ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധക്കൂട്ടായ്മയായ മഞ്ഞപ്പട, ഹ്യൂമിന് നന്ദി പറഞ്ഞ് കൊണ്ടുള്ള പോസ്റ്റ് ഫേസ്ബുക്കിൽ പങ്ക് വെച്ചതോടെയാണ് താരം ടീം വിട്ട കാര്യം ഏറെക്കുറെ ഉറപ്പായത്. നേരത്തെ സെർബിയൻ മുന്നേറ്റ താരം സ്റ്റൊജനോവിച്ചിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത് ഹ്യൂം ടീം വിടുന്നത് കൊണ്ടാണെന്നും വാർത്തകൾ വന്നിരുന്നു.

ഇയാൻ ഹ്യൂം ടീം വിട്ടോ എന്ന കാര്യത്തിൽ പക്ഷേ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല‌. മുപ്പത്തിനാലുകാരനായ ഇയാൻ ഹ്യൂം കഴിഞ്ഞ നാല് സീസണുകളിലും ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച താരമാണ്.

2014 ലെ പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഹ്യൂം സീസണിൽ അഞ്ച് ഗോളുകളടിച്ച് ടീമിനെ ഫൈനലിലുമെത്തിച്ചിരുന്നു. എന്നാൽ പിന്നീടുള്ള രണ്ട് സീസണുകളിലും കൊൽക്കത്തൻ ടീമായ എടികെയ്ക്ക് വേണ്ടിയാണ് അദ്ദേഹം പന്ത് തട്ടിയത്. പക്ഷേ ഐ എസ് എല്ലിന്റെ നാലാം സീസൺ എത്തിയപ്പോൾ ബ്ലാസ്റ്റേഴ്സ് വീണ്ടും ഹ്യൂമിനെ ഒപ്പം കൂട്ടി. പരിക്ക് വില്ലനായ നാലാം സീസണിലും ബ്ലാസ്റ്റേഴ്സിനായി അഞ്ച് ഗോളുകൾ താരം നേടിയിരുന്നു. 59 ഐ എസ് എൽ മത്സരങ്ങൾ കളിച്ച ഇയാൻ ഹ്യൂം 28 ഗോളുകളോടെയാണ് ഐ എസ് എൽ ഗോൾ സ്കോറർമാരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

error: Content is protected !!