ഫൈനലിനിടെ മൈതാനത്ത് നാടകീയ രംഗങ്ങള്‍

അസാധാരണമായൊരു പ്രതിഷേധത്തിനും ലോകകപ്പ് ഫൈനൽ വേദിയായി. ലുഷ്നിക്കിയില്‍ മത്സരം നടക്കുന്നതിനിടെ നാല് പേര്‍ മൈതാനത്തേക്ക് ഓടിയിറങ്ങിയത് താരങ്ങളെയും കാണികളെയും ഒരു പോലെ അമ്പരപ്പിച്ചു. എന്നാല്‍ ഈ പ്രതിഷേധത്തിന് പിന്നില്‍ വ്യക്തമായ ചില കാരണങ്ങളുണ്ടായിരുന്നു.

കളി തുടങ്ങി പന്ത്രണ്ടാം മിനിട്ടിൽ ലൂക്കോ മോഡ്രിച്ചിന്‍റെ ഉയർന്നു പൊങ്ങിയ പാസ് റാക്കിറ്റിച്ച് കാൽക്കൊണ്ട് വരുതിയിലാക്കിയപ്പോഴേക്കും റഫറിയുടെ വിസിൽ മുഴങ്ങി. കാര്യമെന്തന്നറിയാതെ നിന്ന കളിക്കാര്‍ക്കിടയിലേക്ക് റഷ്യൻ പൊലീസിന്‍റെ യൂണിഫോമിട്ട നാല് പേർ ഓടിയടുത്തു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും. നാല് പേരെയും പിടികൂടി പൊക്കിയെടുത്ത് മൈതാനത്തിന് പുറത്തേക്ക് കൊണ്ടു പോയി. ഇത്തിരി നേരത്തെ ആശയക്കുഴപ്പത്തിന് ശേഷം മത്സരം തുടര്‍ന്നു.

കളിയും 52-ാം മിനിറ്റില്‍ നടന്ന ഈ സംഭവം വെറും ആരാധന ഭ്രാന്ത് എന്ന് പറഞ്ഞ് എഴുതി തള്ളിയെങ്കില്‍ തെറ്റി. അവര്‍ വെറും ആരാധകരല്ല, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഭരണത്തിനെതിരെ സംഗീതത്തിലൂടെ പോരാട്ടം നടത്തുന്ന റഷ്യന്‍ ബാന്‍ഡ് പുസി റയറ്റിലെ അംഗങ്ങളായിരുന്നു. 2011ലാണ് ആര്‍ക്കും അംഗങ്ങളായി ചേരാവുന്ന ‘പുസി റയറ്റ്’ രൂപീകരിക്കപ്പെട്ടത്. സ്ത്രീവാദ രാഷ്ട്രീയത്തിന്റെയും അരാജക സര്‍ഗാത്മകതയുടെയും കരുത്തും ഇന്റര്‍നെറ്റിന്റെ മാധ്യമ സാധ്യതകളും ഉപയോഗിച്ചാണ് ഗ്രൂപ്പ് പൊരുതുന്നത്. വ്യത്യസ്തമായ രീതിയില്‍ പൊതു ഇടങ്ങളില്‍ സംഗീതാവതരണം നടത്തുക, നാടകങ്ങള്‍ അവതരിപ്പിക്കുക, അതിന്റെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് അവരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു പ്രതിഷേധത്തിനാണ് ഇന്നലെ ലോകകപ്പ് മൈതാനവും വേദിയായത്. റഷ്യന്‍ നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിനും ലൈക്ക് ചെയ്തതിന് നിരവധി പേരാണ് ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്നത്. റഷ്യന്‍ കവിയായ ദിമിത്രി പ്രിഗോവിന്റെ കവിതയില്‍ ‘ആരാണ് ആദര്‍ശാത്മക പൊലീസുകാരന്‍’ എന്നതിനെ വിശദീകരിക്കാനാണ് ഇന്നലത്തെ പ്രതിഷേധത്തിലൂടെ സംഘം ശ്രമിച്ചത്. ‘സ്വര്‍ഗ്ഗത്തിലെ പൊലീസുകാരന്‍ ഉറങ്ങുന്ന കുഞ്ഞിനെ സംരക്ഷിക്കും. എന്നാല്‍ ഭൂമിയിലെ പൊലീസുകാര്‍ രാഷ്ട്രീയ തടവുകാരെ ശിക്ഷിക്കുകയും നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവരെയും ലൈക്ക് ചെയ്യുന്നവരെയും തടവിലിടുകയും ചെയ്യും.’ ഇത്തരമൊരു സന്ദേശമാണ് അവര്‍ പങ്കുവെച്ചത്. അതിനാലാണ് പൊലീസ് യുണീഫോമില്‍ തന്നെ അവര്‍ മൈതാനത്തേക്ക് കടന്നു കയറിയതും.

ഇന്നലെ മൈതാനത്ത് നടന്ന സംഭവ വികാസങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് പുസി റയറ്റ് പുറത്തു വിട്ട കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കൂടാതെ ഇന്നലത്തെ പ്രതിഷേധത്തിലൂടെ ചില ആവശ്യങ്ങളും അവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയ തടവുകരെയും സ്വതന്ത്രരാക്കുക, നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ലൈക്ക് ചെയ്തതിന് ആളുകളെ തടവിലിടുന്നത് അവസാനിപ്പിക്കുക, പ്രതിഷേധക്കാരെ നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കുക, രാഷ്ട്രീയ മത്സരങ്ങള്‍ അനുവദിക്കുക, ക്രിമിനല്‍ കേസുകള്‍ കെട്ടിച്ചമച്ച് ജനങ്ങളെ ജയിലില്‍ അടയ്ക്കുന്നത് അവസാനിപ്പിക്കുക, ഭൂമിയിലെ പൊലീസുകാരെ സ്വര്‍ഗ്ഗീയ പൊലീസുകാരാക്കുക എന്നിവയാണ് ആ ആവശ്യങ്ങള്‍.

ജനങ്ങളുടെ അവകാശങ്ങള്‍ക്കുമുന്നില്‍ ജനാധിപത്യത്തിന്റെ തന്നെ പേര് പറഞ്ഞ്് പുടിന്‍ തീര്‍ത്ത അവകാശലംഘനങ്ങളുടെ കറുത്ത മറയെ തുടച്ചു നീക്കാനാണ് സംഘത്തിന്റെ പോരാട്ടം. അതിനെ കടുത്ത രീതിയില്‍ അടിച്ചമര്‍ത്തുകയും ചെയ്യുന്നുണ്ട് റഷ്യന്‍ ഭരണകൂടം. അതിന്റെ പ്രതിഷേധമാണ് ഇന്നലെ ലോകം ഉറ്റുനോക്കിയ കാല്‍പ്പന്ത് മാമാങ്കത്തിന്റെ ഏതാനും നിമിഷങ്ങളെ അപഹരിച്ചത്.

error: Content is protected !!