ഇന്ത്യയുമായുള്ള വാണിജ്യ നടപടികള്‍ ലളിതമാക്കി യുഎസ്

ഇന്ത്യയ്ക്ക് അത്യാധുനിക ആയുധങ്ങളും മറ്റും കൈമാറ്റം നടത്തുന്നതിനുള്ള നടപടികള്‍ ലളിതമാക്കി അമേരിക്ക. നാറ്റോ രാജ്യങ്ങളുമായുള്ള സമാന പദവിയായാണ് അമേരിക്ക ഇന്ത്യയെ ഉയര്‍ത്തിയത്. കയറ്റുമതി നിയന്ത്രണങ്ങള്‍ ലളിതമാക്കുന്ന സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍ -1 (എസ്ടിഎ–1) എന്ന പദവിയിലേക്കാണ് ഇന്ത്യയെ അമേരിക്ക ഉയര്‍ത്തിയത്. അമേരിക്കയില്‍ നിന്നും ഈ പദവി ലഭിക്കുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാജ്യമായി ഇതോടെ ഇന്ത്യ മാറി.

2016 ൽ ഇന്ത്യയെ പ്രതിരോധ മേഖലയിലെ പ്രധാന പങ്കാളിയായി യുഎസ് അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണു പുതിയ ആനുകൂല്യം കൂടി ഇന്ത്യയ്ക്കു ലഭ്യമാകുന്നത്. ഇനി മുതൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചു നിർമിച്ച യുഎസ് ഉപകരണങ്ങൾ കൂടുതലായി ഇന്ത്യയ്ക്കു സ്വന്തമാക്കാനാകും. കയറ്റുമതി നിയന്ത്രണ മേഖലയിൽ ഇതോടെ ഇന്ത്യയ്ക്കു സുപ്രധാന മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് യുഎസ് വാണിജ്യ സെക്രട്ടറി വിൽ‌ബർ റോസ് പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള കയറ്റുമതി– സാമ്പത്തിക ബന്ധങ്ങളിലുള്ള അംഗീകാരമാണ് എസ്ടിഎ– 1അംഗത്വമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ 36 രാഷ്ട്രങ്ങളാണ് എസ്ടിഎ–1 ലിസ്റ്റിൽ ഉള്ളത്. ദക്ഷിണേഷ്യയിൽ നിന്നുള്ള ഏകരാജ്യം ഇന്ത്യയും. ഏഷ്യയിൽ നിന്ന് ദക്ഷിണകൊറിയ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങളും പട്ടികയിലുണ്ട്. നേരത്തേ എസ്ടിഎ–2 രാഷ്ട്രങ്ങളുടെ പട്ടികയിലും ഇന്ത്യയ്ക്ക് ഇടം ലഭിച്ചിരുന്നു. ദേശീയ സുരക്ഷ, കെമിക്കൽ, ജൈവ ആയുധങ്ങൾ, കുറ്റ നിയന്ത്രണം തുടങ്ങിയ തന്ത്രപ്രധാന മേഖലയിലെ ഉപകരണങ്ങള്‍ എസ്ടിഎ–1 വിഭാഗത്തിൽ പെട്ട രാഷ്ട്രങ്ങളിലേക്കാണ് യുഎസ് കയറ്റുമതി ചെയ്യുന്നത്.

പുതിയ പദവി അനുസരിച്ച് ഇന്ത്യയിലേക്കുള്ള കയറ്റുമതിക്ക് അമേരിക്കയിലുള്ള ലൈസന്‍സുകളുടെ എണ്ണം കുറയും. വ്യോമാക്രമണം തടയുന്നതിനായി ഡല്‍ഹിക്കു ചുറ്റും കവചമൊരുക്കുന്നതിനായി അമേരിക്കയില്‍ നിന്നും 65000 കോടി രൂപയുടെ സംവിധാനം വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം വന്നത്.

error: Content is protected !!