ഇടുക്കി ഡാം ജലനിരപ്പുയര്‍ന്നു; പെരിയാറില്‍ മീന്‍ പിടിച്ചാല്‍ പിടിവീഴും

ഇടുക്കി അണക്കെട്ട് നിറയുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാം തുറന്ന് ജലം പെരിയാറിലേക്ക് ഒഴുക്കിവിടുമ്പോള്‍ പുഴയില്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ്. മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പുഴയില്‍ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ മറ്റോ കൂട്ടം കൂടി നില്‍ക്കാനോ പാടില്ലെന്ന് നേരത്തേ പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ഇടുക്കി ഡാം തുറന്നാൽ മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക് ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ അഞ്ച് പഞ്ചായത്തുകളിലായി നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ജനപ്രതിനിധികൾക്കൊപ്പം പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥർ ഈ വീടുകളിലെത്തി നോട്ടീസ് നൽകി. പെരിയാറിൽ ജലനിരപ്പ് ഉയർന്നാൽ ആദ്യം കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ എന്നീ ക്രമത്തിലായിരിക്കും ജനങ്ങളെ ക്യാമ്പിലേക്ക് മാറ്റുക.

ഡാം തുറന്നാൽ മറ്റ് ജില്ലകളിൽ നിന്നുള്ളവ‍ർക്ക് അത്യാവശ്യത്തിനല്ലാതെ ചെറുതോണി മേഖലയിൽ പ്രവേശനം അനുവദിക്കില്ല. വിനോദ സഞ്ചാരികളെയും വിലക്കും. മുന്നറിയിപ്പ് മറികടന്നും പെരിയാറിൽ മീൻ പിടിക്കാൻ സാധ്യതയുള്ളവരെ കരുതൽ തടങ്കലിൽ വയ്ക്കുമെന്നും ജില്ല കളക്ടർ അറിയിച്ചു. വെള്ളം കയറുന്ന മേഖലകളിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന ജോലികളും ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. മുന്നോരുക്കങ്ങൾ കാര്യക്ഷമമാണെന്നും ഡാം തുറന്നാലും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാഭരണകൂടം അറിയിച്ചു.

error: Content is protected !!