മുതിര്‍ന്ന ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തന്‍ തീരുമാനം

രാജ്യത്തെ ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നു.  സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 നിന്നും 67 ആയും ഹൈകോടതിയിലേത് 62ല്‍ നിന്നും 64 ആയും ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിന് ഭരണഘടന ഭേദഗതി വരുത്തുമെന്നും ഇവര്‍ റിപ്പോട്ട് ചെയ്യുന്നു.

ഇതിനായി ഇന്നു തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ബില്‍കൊണ്ടുവരും. കേസുകള്‍ കോടതികളില്‍ കെട്ടികിടക്കുന്ന സാഹചര്യത്തില്‍ ജഡ്ജിമാരുടെ നിയമനം ഉടന്‍ നടത്തണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. രണ്ടു വര്‍ഷത്തിനിടെ ഒഴിവ് വരാന്‍ സാധ്യതയുള്ളവകൂടി മുന്നില്‍കണ്ട് വേണം നിയമനം നടത്തേണ്ടതെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

പഞ്ചാബ്-ഹരിയാന(35), തെലുങ്കാന-ആന്ധ്രപ്രദേശ്(30), അലഹാബാദ്(56), കര്‍ണാടക(38), കല്‍ക്കത്ത(39), ബോംബെ(24) എന്നിങ്ങനെയാണ് വിവിധ ഹൈകോടതികളിലെ ജഡ്ജിമാരുടെ നിലവിലുള്ള ഒഴിവുകള്‍. ഹൈകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ യു.പി.എ സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തുന്നത്.

error: Content is protected !!