ജിഷ്ണുപ്രണോയ്; സാക്ഷി മൊഴി രേഖപ്പെടുത്താന്‍ നാദാപുരത്ത് സിബിഐ ക്യാമ്പ്

പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥി ജിഷ്ണുപ്രണോയിയുടെ മരണം സംബന്ധിച്ചുള്ള തുടർ അന്വേഷണത്തിന് സിബിഐ നാളെ മുതൽ നാദാപുരത്ത് ക്യാംപ് ചെയ്യും. പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ക്യാംപ് ഓഫിസ് ആരംഭിച്ചായിരിക്കും കേസിലെ സാക്ഷികളുടെ മൊഴി  രേഖപ്പെടുത്തുക. കൊച്ചിയിൽ നിന്നുള്ള സംഘമാണ് അന്വേഷണത്തിനെത്തുക. ജിഷ്ണുവിന്റെ മാതാപിതാക്കളായ മഹിജ, അശോകൻ, ബന്ധു കെ.കെ. ശ്രീജിത്ത് എന്നിവരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. മറ്റു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം  ഏറ്റുവാങ്ങാനെത്തിയവരുടെയും മറ്റും മൊഴിയാണ് സിബിഐ പുതുതായി രേഖപ്പെടുത്തുക.

സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നുും കേസ് സിബിഐക്കു വിടണമെന്നുമാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീംകോടതിയെ സമീപിക്കുകയും സംസ്ഥാന സർക്കാർ അതിനു സന്നദ്ധമാണെന്ന് കോടതിയെ അറിയിക്കുകയുമായിരുന്നു. ആദ്യം കേസ് ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചെങ്കിലും പിന്നീട്  തയാറായി. 2017 ജനുവരി ആറിന്  ജിഷ്ണുവിനെ  ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് കോളജ് അധികൃതരുടെ നിലപാട്. എന്നാൽ, ജിഷ്ണുവിനെ മർദിച്ചു കൊലപ്പെടുത്തിയെന്നാണ് വീട്ടുകാർ പരാതിപ്പെടുന്നത്. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾ‌ സൃഷ്ടിച്ച കേസാണിത്.

error: Content is protected !!