കുമ്പസാര പീഡനം; രണ്ട് വൈദികരെ ഇന്ന്‍ അറസ്റ്റ് ചെയ്തേക്കും

യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിലവില്‍ കഴിയുന്ന രണ്ട് ഓര്‍ത്തഡോക്സ് വൈദികരെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ഇവരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. പ്രതികളെ സമ്മര്‍ദ്ദത്തിലാക്കി അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം എന്നും സൂചനകളുണ്ട്.

കേസിലെ ഒന്നാം പ്രതി എബ്രഹാം വര്‍ഗ്ഗീസിനെയും നാലാം പ്രതി ജെയ്സ് കെ ജോര്‍ജ്ജിനെയുമാണ് ഇനി പിടികിട്ടാനുള്ളത്. രണ്ട് വൈദികരും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. അതുവരെ കാത്തിരിക്കാതെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണ്. വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസിന്റെ പാസ്പോര്‍ട്ട് പിടിച്ചെത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം നടത്തിയ റെയ്ഡിലായിരുന്നു ഇത്.

ദില്ലിയിലായിരുന്ന ഫാദര്‍ ജെയ്സ് കെ ജോര്‍ജ്ജ് ഇപ്പോള്‍ കൊല്ലത്ത് എത്തിയെന്ന വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. വീട്ടിലും ബന്ധുവീട്ടിലും നിരീക്ഷണം ശക്തമാക്കി. സമ്മര്‍ദ്ദം ചെലുത്തി കീഴടങ്ങാന്‍ അവസരമുണ്ടാക്കാനും പൊലീസ് ശ്രമിക്കുന്നു. നിയമത്തിന് വഴിപ്പെടണമെന്നും പൊലീസിന് കീഴടങ്ങണമെന്നും ഓര്‍ത്തഡോക്സ് സഭ ഇവരെ അറിയിച്ചതായും വിവരമുണ്ട്.

error: Content is protected !!