അയോദ്ധ്യയിലെ രാമക്ഷേത്രം തെരഞ്ഞെടുപ്പിന് മുന്‍പെന്ന് അമിത് ഷാ

തെരഞ്ഞെടുപ്പ് കാലത്ത് ബി ജെ പിയുടെ പ്രധാന പ്രചരണായുധമായിരുന്നു അയോദ്ധ്യയിലെ  രാമക്ഷേത്ര നിര്‍മ്മാണം. എന്നാല്‍ അധികാരത്തിലേറി അടുത്ത തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പ് പ്രചരണത്തിനും രാമക്ഷേത്രം ഉപയോഗിക്കാനാണ് ബിജെപി നീക്കം.

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപു തന്നെ അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിക്കുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞിരിക്കുന്നത്. ഹൈദരാബാദിൽ, പാർട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇതു സൂചിപ്പിച്ചത്. 2019ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്നെ രാമക്ഷേത്ര നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നു അദ്ദേഹം യോഗത്തിൽ പറഞ്ഞതായി ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പെരാലാ ശേഖർജി മാധ്യമങ്ങളോടു പറഞ്ഞു.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന തെലങ്കാനയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ഒരു ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ ഹൈദരാബാദിലെത്തിയത്. തിരഞ്ഞെടുപ്പു നേരത്തെയാകുമെന്ന അഭ്യൂഹങ്ങൾ ശരിയല്ലെന്നും സംസ്ഥാനത്തു അധികാരത്തിലെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും അമിത് ഷാ സംസ്ഥാന നേതൃത്വത്തോട് ആഹ്വാനം ചെയ്തു.

error: Content is protected !!