വിവാദ പരാമര്‍ശം; ശശി തരൂരിനെതിരെ കേസെടുത്തു

ശശി തരൂര്‍ എം.പിയുടെ ‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അടുത്തമാസം 14ന് ഹാജരാകാന്‍ തരൂരിന് നിര്‍ദ്ദേശം. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചും ഭരണഘടനയെ അവഹേളിക്കുന്നതാണെന്നും കാണിച്ച് ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും ‘ഇന്ത്യ ഹിന്ദു പാക്കിസ്ഥാന്‍’ ആകുമെന്നുള്ള ശശി തരൂര്‍ എംപിയുടെ പരാമര്‍ശത്തിനെതിരെയാണ് കൊല്‍ക്കത്ത കോടതി കേസെടുത്തത്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം .ഇനിയും ബിജെപി ഭരണം ആവര്‍ത്തിക്കപ്പെട്ടാല്‍ ഇന്ത്യ ഒരു ഹിന്ദു പാകിസ്ഥാനായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും, സര്‍ദാര്‍ പട്ടേലും, മൗലാന ആസാദും പോരാട്ടം നടത്തി നമുക്ക് സ്വാതന്ത്ര്യം നേടി തന്നത് അങ്ങനെ ഒരു രാഷ്ട്രത്തിനു വേണ്ടിയല്ല. ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു ഇന്ത്യ അല്ല നമുക്ക് ആവശ്യമെന്നാണ് തരൂര്‍ പറഞ്ഞത്. തിരുവനന്തപുരത്തെ ഒരു ചടങ്ങിലാണ് തരൂര്‍ ഈ പ്രസ്താവന നടത്തിയത്.

നേരത്തെ തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത് എത്തിയിരുന്നു. ‘ഏതെങ്കിലും മരുന്നിന്റെ ഓവര്‍ഡോസിലാണോ എന്നറിയില്ല. വ്യക്തമായ നിരാശയും ബുദ്ധിമുട്ടും അദ്ദേഹത്തിന്റെ പ്രസ്താവനയിലുണ്ട്. ഹിന്ദു പാക്കിസ്ഥാന്‍ എന്നതുകൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്? അദ്ദേഹം പാക്കിസ്ഥാനെതിരാണോ? പാക്കിസ്ഥാനികളെ പ്രീണിപ്പിക്കുന്നയാളാണ് തരൂര്‍. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോട് മോദിയെ അധികാരത്തില്‍ നിന്നും നീക്കാന്‍ സഹായം ആവശ്യപ്പെടുന്നയാളാണ്. അദ്ദേഹത്തിന് പാക്കിസ്ഥാനികളായ പെണ്‍ സുഹൃത്തുക്കളുണ്ട്. ഇവരെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ആളുകളാണ്.’ എന്നായിരുന്നു സ്വാമിയുടെ വിമര്‍ശനം.

തരൂരിന്റെ ബിജെപി വിരുദ്ധ പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്നും പാകിസ്ഥാന്‍ രൂപീകരണത്തിന് കാരണക്കാരായവര്‍ കോണ്‍ഗ്രസുകാരാണെന്നും ബിജെപി നേതാവ് സമ്പിത് പാത്ര ട്വിറ്ററിലൂടെ പ്രതികരിച്ചു.

ബി.ജെ.പി 2019ല്‍ ജയിച്ചാല്‍ ഇന്ത്യ ‘ഹിന്ദു പാകിസ്ഥാന്‍’ ആകുമെന്ന പരാമര്‍ശത്തിലുറച്ച് നില്‍ക്കുന്നുവെന്ന് ശശി തരൂരും വ്യക്തമാക്കി. ഓണ്‍റെക്കോര്‍ഡില്‍, ആളുകള്‍ക്ക് മുന്നില്‍ ഹിന്ദുരാഷ്ട്ര സിദ്ധാന്തത്തില്‍ വിശ്വാസമില്ലെന്ന് ബി.ജെ.പി പറഞ്ഞാല്‍ വിവാദം അവസാനിക്കുമെന്നും അല്ലാതെ താന്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നും തരൂര്‍ വ്യക്തമാക്കി.

അതേസമയം പരാമര്‍ശം മുതലാക്കി കോണ്‍ഗ്രസിനെതിരെ വലിയ പ്രചാരണത്തിനാണ് ബിജെപി തുടക്കം തുടക്കം കുറിച്ചത്. എന്നാല്‍ കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം ശശി തരൂരിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

 

error: Content is protected !!