കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന ആരോപണത്തില്‍ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റോം സന്ദര്‍ശനത്തിന് ശേഷം തിരികെ നെടുന്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്.

ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചതായുള്ള കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ല. കുറച്ചു പേര് വന്നു കണ്ടിരുന്നു. അവർ മഠത്തിലെ പ്രശ്നങ്ങൾ ആണ് പറഞ്ഞത്. പീഡനത്തെക്കുറിച്ചൊന്നും തന്നോട് പരാതി പറഞ്ഞിട്ടില്ല. പീഡനം നടന്നെന്ന പരാതിയില്‍ അന്വേഷണം നടത്തേണ്ടത് ജലന്ധർ രൂപതയാണെന്നും അദ്ദേഹം പറഞ്ഞു.

പീഡനം നടന്ന കാര്യം മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് പരാതിപ്പെട്ടിരുന്നും എന്നാല്‍ തന്‍റെ അധികാരപരിധിയ്ക്ക് പുറത്തുള്ള സഭയില്‍ നടന്ന സംഭവമായതിനാല്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും വിഷയം വത്തിക്കാനെ അറിയിക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചതെന്നുമാണ് കന്യാസ്ത്രീ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

അതിനിടെ ബിഷപ്പ് പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരിയുടെ സഹവാസികളായ കുറുവിലങ്ങാട്ടെ മഠത്തിലെ മറ്റു കന്യാസ്ത്രീകളുടെ മൊഴി പൊലീസ് വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. കുറുവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രീകള്‍ സംഭവത്തില്‍ പരാതിക്കാരിയെ പിന്തുണച്ച് മൊഴി നല്‍കും എന്നാണ് പുറത്തു വരുന്ന വിവരം. വിഷയത്തില്‍ മഠത്തിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും പ്രബലവിഭാഗത്തിന്‍റെ പിന്തുണ പരാതിക്കാരിക്കുണ്ടെന്നാണ് സൂചന.

error: Content is protected !!