അഭിമന്യുവിന്‍റെ കൊലപാതകം: സംഘത്തില്‍ പത്തിലേറെ പേര്‍

എറണാകുളം മഹാരാജാസ് കോളെജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഭിമന്യുവിനേയും അര്‍ജുനേയും ആക്രമിച്ചത് 10-20 പേരടങ്ങുന്ന വലിയ സംഘമാണെന്നും ഇതില്‍ ഭൂരിപക്ഷവും കോളേജിന്  പുറത്തുള്ള എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും സൂചന.

അയല്‍ജില്ലകളില്‍ നിന്നടക്കമുള്ളവര്‍ അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ക്യാംപസിന് പുറത്തു നിന്നുള്ളവര്‍ തന്നെയാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കോട്ടയം സ്വദേശികളായ ബിലാല്‍, ഫറൂഖ്,  ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ്, എന്നിവരാണ് പിടിയിലായത്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തി

അക്രമി സംഘത്തില്‍ പത്തിനും ഇരുപതിനും ഇടയില്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴിയെന്ന് കേസ് അന്വേഷിക്കുന്ന സെന്‍ട്രല്‍ സി.ഐ അനന്തലാല്‍ അറിയിച്ചു. പ്രതികളില്‍ ഒരാള്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും മറ്റൊരാള്‍ ഇന്ന് കോളേജില്‍ ചേരേണ്ട ആളുമാണ്. ബാക്കിയുള്ളവരെല്ലാം കോളേജിന് പുറത്തുള്ളവരാണെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

മഹാരാജാസിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെയാണ് ഇന്നലെ കോളേജ് ക്യാംപസില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയത്. അഭിമന്യുവിനൊപ്പം കുത്തേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകനും കോട്ടയം സ്വദേശിയുമായ അര്‍ജുന്‍ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തുടരുകയാണ്.

രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ക്യാംപസില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. എസ്.എഫ്.ഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.

നെഞ്ചിന് കുത്തേറ്റ അഭിമന്യുവിനെ ഉടന്‍ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന അഭിമന്യുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കോളേജില്‍ പൊതുദര്‍ശനത്തിന് വയക്കും. അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ ഇന്ന് പഠിപ്പു മുടക്കുകയാണ്.

error: Content is protected !!