വിമാന നിരക്ക് വര്‍ദ്ധന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണം-ബക്രീദ് സീസണിലെ ഭീമമായ വിമാന നിരക്ക് വര്‍ദ്ധന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗള്‍ഫ് മേഖലയിലേക്ക് കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പിനികള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ദശലക്ഷക്കണക്കിന് കേരളീയര്‍ ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനക്കാരും പ്രയാസപ്പെട്ട് ജീവിക്കുന്നവരുമാണ്. അവര്‍ക്ക് താങ്ങാനാവാത്ത വര്‍ദ്ധനയാണ് എയര്‍ലൈനുകള്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.

ഓണവും വലിയപെരുന്നാളുമൊക്ക കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസികളെ ഈ വര്‍ദ്ധന പ്രതികൂലമായി ബാധിക്കും. സെപ്തംബര്‍ ഒന്നിന് ഗള്‍ഫ് മേഖലയില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതും ഈ ദിനങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകാന്‍ ഇടയാക്കിയട്ടുണ്ട്. സാധാരണ ഗതിയില്‍ 4000 രൂപ മുതല്‍ 12000 രൂപ വരെ നിരക്കുള്ളിടത്ത് ഇപ്പോള്‍ അതിന്റെ അഞ്ചിരട്ടി തുകയാണ് ഈടാക്കുന്നത്. എന്നാല്‍ ചെന്നൈ മുംബൈ തുടങ്ങിയ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നും കാര്യമായ നിരക്ക് വര്‍ദ്ധന ഗള്‍ഫ് മേഖലയിലേക്ക് ഇല്ലാ എന്നതും ശ്രദ്ധേയമാണ്. തോന്നിയ പോലെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും വിമാന കമ്പനികളെ വിലക്കിയിരുന്ന നിയന്ത്രണങ്ങള്‍ ഡയറക്ടറേറ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എടുത്തു കളഞ്ഞത് ഇവരുടെ ചൂഷണത്തിനു ആക്കം കൂട്ടി എന്നു വേണം കരുതാന്‍.

സാധാരണക്കാരായ പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികള്‍ തിരുത്തണമെന്നും സാധാരണ നിരക്കുകള്‍ പുനഃസ്ഥാപിച്ചു ഈ കാര്യത്തില്‍ എയര്‍ ഇന്ത്യ മാതൃക കാണിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് വരുന്ന വ്യാഴാഴ്ച ദുബായിലേക്ക് പറക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്സിൽ കൊടുക്കേണ്ടത് 9753 രൂപ. പക്ഷെ ഓണം ആഘോഷിച്ച് സെപ്റ്റബർ ഒന്നിന് ഇതേ വിമാനത്തിൽ മടങ്ങണമെങ്കിൽ കൊടുക്കേണ്ടത് 34,608 രൂപയാകും.

ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്തു നിന്നും ദമാമിലേക്ക് എയർ അറേബ്യയുടെ നിരക്ക് 15,478 രൂപ, സെപ്റ്റംബർ ഒന്നിന് 81,986 രൂപ. ഉത്സവ സീസണും ഗൾഫിലെ അവധിക്കാലവുമെല്ലാം മുതലെടുക്കുകയാണ് വിമാനക്കമ്പനികൾ.

എല്ലാ ഓണക്കാലത്തും വിമാനക്കമ്പനികളുടെ കൊള്ളക്കെതിരെ സംസ്ഥാന സർക്കാർ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിനു് വിമാനകമ്പനികൾക്കും കത്തയക്കാറുണ്ട്. പക്ഷെ ഒരു ഫലവും ഇതുകൊണ്ടില്ലെന്ന് കാണിക്കുന്നതാണ് ഇത്തവണത്തെയും വൻനിരക്ക്.

error: Content is protected !!