ലാവ്‌ലിൻ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് ബിജെപിയും കോൺഗ്രസും തയാറാക്കുന്ന രാഷ്ട്രീയ അജൻഡ; കോടിയേരി ബാലകൃഷ്ണന്‍

ബിജെപിയും കോൺഗ്രസും തയാറാക്കുന്ന രാഷ്ട്രീയ അജൻഡയുടെ ഭാഗമായാണു ലാവ്‌ലിൻ കേസ് സിബിഐ വീണ്ടും കുത്തിപ്പൊക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ ഉദ്ദേശ്യമാണു കുത്തിപ്പൊക്കലിനു പിന്നിലുള്ളത്. എല്ലാ ലോക്സഭ തിരഞ്ഞെടുപ്പു കാലത്തും കുത്തിപ്പൊക്കി കൊണ്ടുവരുന്ന രാഷ്ട്രീയ പ്രചാരണ ആയുധമാണു ലാവ്‌ലിൻ. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ബി.ജെ.പിയും കോണ്‍ഗ്രസും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ലാവ്ലിനെ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് സി.ബി.ഐ കോടതി നേരത്ത കണ്ടെത്തിയിരുന്നതാണ്. ആകുറ്റപത്രം കോടതി തള്ളുകയും ഈ വിധി ഹൈക്കോടതിയും അംഗീകരിച്ചതുമാണ്. അതിനര്‍ത്ഥം കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനല്ല എന്നതു തന്നെയാണ്. കേസ് വീണ്ടും മുന്നോട്ട് കൊണ്ടുപോയാല്‍ നിയമപരമായി തന്നെ നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ. സുപ്രീം കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ആവശ്യപ്പെട്ടത്. കരാറിലൂടെ കെ.എസ്.ഇ.ബിക്ക് നഷ്ടമുണ്ടായെന്നും ലാവ്ലിന്‍ കമ്പനിക്ക് ലാഭമുണ്ടായെന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

സി.ബി.ഐ പ്രതിപ്പട്ടികയിലെ ആറുപേരില്‍ പിണറായി വിജയന്‍, വൈദ്യുതവകുപ്പ് മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കിയ വിചാരണക്കോടതി നടപടിയാണ് ഹൈക്കോടതി ശരിവെച്ചത്. എന്നാല്‍ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് സി.ബി.ഐ പുതിയ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

error: Content is protected !!