ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടുമുയര്‍ന്നു; ഇന്ന് രാത്രി കണ്‍ട്രോള്‍ റൂം തുറക്കും

നിലവില്‍ 2394 അടി വെള്ളമുള്ള ഇടുക്കി ഡാമില്‍ രണ്ടടി കൂടി വെള്ളം ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാ നിര്‍ദേശം നല്‍കും. 2400 അടി പരമാവധി സംഭരണശേഷിയുള്ള ഡാമിലെ ജലനിരപ്പ് അത്രയും എത്തുന്നതിന് മുമ്പ് തന്നെ തുറക്കാന്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനിച്ചു.

ഇന്നു രാത്രി കൺട്രോൾ റൂം തുറക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് രേഖപ്പെടുത്തിയത് 91.20 മില്ലിമീറ്റർ മഴയാണ്. അതേസമയം, ഇടുക്കി ജില്ലയുടെ പല ഭാഗത്തും കനത്ത മഴയാണ്. തൊടുപുഴയ്ക്കു സമീപം തൊമ്മൻകുത്തിൽ വനത്തിനുള്ളിൽ ഇന്നു പുലർച്ചെ ഉരുൾപൊട്ടി. സമീപമുള്ള കരിമണ്ണൂരിൽ വീടുകളിൽ വെള്ളം കയറി.

ജലനിരപ്പ് 2400 അടി എത്തുന്നതിനു മുൻപു ഇടുക്കി അണക്കെട്ട് തുറക്കാനാണ് തീരുമാനം. അതിനാൽ ഓറഞ്ച് അലർട്ട് നൽകുന്നതിനുപിന്നാലെ ജലനിരപ്പ് 2400 അടി എത്തുന്നതിനു മുൻപായി ഡാം തുറക്കാനാണ് തീരുമാനം. ഇടുക്കി ജലസംഭരണിയിൽ വെള്ളം ഉയരുമ്പോൾ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. ഇതിനു മുൻപു ചെറുതോണി അണക്കെട്ടു തുറന്നതു 1992ൽ ആയിരുന്നു. വെള്ളം ഒഴുക്കുന്നതു ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളുയർത്തിയാണ്. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും.

ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകൾ തടഞ്ഞുനിർത്തുന്ന വെള്ളം ഏകദേശം 60 ചതുരശ്ര കിലോമീറ്റർ ഭാഗത്തായി വ്യാപിച്ചുകിടക്കുന്നു. 2200 ദശലക്ഷം ഘനമീറ്റർ വെള്ളം ഇവിടെ സംഭരിക്കാം. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 88.36% വെള്ളം ഇപ്പോഴുണ്ട്. 36.54 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം ഇന്നലെ അണക്കെട്ടിൽ ഒഴുകിയെത്തി. ഈ വെള്ളം തുരങ്കങ്ങളിലൂടെ മൂലമറ്റം വൈദ്യുത നിലയത്തിലേക്കാണ് എത്തുന്നത്. പ്രതിദിനം 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഇതിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. മൂലമറ്റം വൈദ്യുത നിലയത്തിൽ 14.703 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ഇടുക്കി അണക്കെട്ടു പ്രദേശത്ത് ഇന്നലെ മഴ കുറഞ്ഞു.

അതേസമയം, മുല്ലപ്പെരിയാർ അണക്കട്ടിൽ ഇന്നലത്തെ ജലനിരപ്പ് 135.95 അടിയാണ്. വെള്ളം തമിഴ്നാട്ടിലേക്കു തുറന്നുവിട്ടിട്ടുണ്ട്. എന്നിട്ടും ജലനിരപ്പ് നിയന്ത്രിക്കാനായില്ലെങ്കിൽ സ്പിൽവേ വഴി ഇടുക്കി അണക്കെട്ടിലേക്കും വെള്ളം ഒഴുക്കിവിടും.

error: Content is protected !!