അവിശ്വാസപ്രമേയം നേരിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയില്‍. എന്നാല്‍ അവിശ്വാസപ്രമേയത്തിന്  പ്രതീക്ഷിച്ച പിന്തുണ പ്രതിപക്ഷത്തിന് ഉറപ്പിക്കാനായിട്ടില്ല. ഇടഞ്ഞു നിന്ന ശിവസേനയെ അമിത് ഷാ അനുനയിപ്പിച്ചത് സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കും. കോൺഗ്രസിന് 147 പേരുടെ പിന്തുണയാണ് ഇതുവരെ ഉറപ്പാക്കാനായത്.

അവിശ്വാസപ്രമേയ ചർച്ച സർക്കാരിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിക്കാനുള്ള അവസരമാക്കി മാറ്റാനാണ് കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചത്. ആൾക്കൂട്ട ആക്രമണം, നോട്ട് അസാധുവാക്കൽ ജിഎസ്ടി എന്നിവയ്ക്കു ശേഷമുള്ള ആശയക്കുഴപ്പം, കാർഷികമേഖലയിലെ തിരിച്ചടി, റഫാൽ അഴിമതി തുടങ്ങിയ വിഷയങ്ങൾ രാഹുൽ ഗാന്ധി ആയുധമാക്കും.

 

എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപി അവിശ്വാസപ്രമേയത്തെ മറികടക്കാമെന്ന് ഉറച്ച പ്രതീക്ഷയിലാണ്. തെലുങ്ക് ദേശം പാര്‍ട്ടി നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിന് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷത്ത് നിന്നും 50 അംഗങ്ങളാണ് പിന്തുണച്ചത്. ഇതേത്തുടര്‍ന്ന് ഇന്ന് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി നല്‍കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

15 വര്‍ഷത്തിനു ശേഷമാണ് അവിശ്വാസപ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. 2003-ല്‍ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരായിരുന്നു ഇതിന് മുന്‍പ് അവിശ്വാസ പ്രമേയം നേരിട്ടത്. അന്ന് സോണിയ ഗാന്ധിയായിരുന്നു പ്രതിപക്ഷ നേതാവ്.

‘ അവിശ്വാസപ്രമേയത്തെ എന്‍.ഡി.എ ഒറ്റക്കെട്ടായി നേരിടും. പ്രതിപക്ഷം നൂറുശതമാനം തോല്‍വി ഏറ്റുവാങ്ങുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. എന്‍.ഡി.എയ്ക്ക് പുറത്തുള്ള കക്ഷികള്‍പ്പോലും നരേന്ദ്രമോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നത് സഭയില്‍ നിങ്ങള്‍ക്ക് കാണാനാകും.’- കേന്ദ്രമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.

273 അംഗങ്ങളുള്ള ബിജെപിയും സഖ്യകക്ഷികളും അടക്കം 312 പേര്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് (48), തൃണമൂല്‍ (34), ടിഡിപി (16), സിപിഎം(9), എന്‍സിപി, എസ് പി, ആര്‍ജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എഎപി അടക്കം 147 പേരുടെ പിന്തുണയാണ് നിലവില്‍ അവിശ്വാസ പ്രമേയത്തിനുള്ളത്. എഐഎഡിഎംകെ(37), ബിജെഡി(20), ടിആര്‍എസ്(11) തുടങ്ങിയ പാര്‍ട്ടികളുടെ 76 അംഗങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

പ്രമേയത്തിന് പ്രതിപക്ഷകക്ഷികളെല്ലാം ഒന്നിച്ച് നിര്‍ത്തുന്നതിനൊപ്പം തെലങ്കാന രാഷ്ട്രീയ സമിതിയുടെയും, ബിജെഡിയുടെയും പിന്തുണയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.
2019 തിരഞ്ഞടുപ്പില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കില്ലെന്നും ഒറ്റക്ക് മത്സരിക്കുമെന്ന് പറയുകയും, മോദിയേയും ബിജെപിയേയും നിരന്തരം കുറ്റപ്പെടുത്തിയിരുന്ന ശിവസേനയുടെ മലക്കം മറിച്ചില്‍ സര്‍ക്കാരിന് തുണയാവും. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പ്രതിപക്ഷത്തിനെതിരെ വോട്ടു ചെയ്യുമെന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന വ്യക്തമാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ കേന്ദ്രമന്ത്രി അനന്ത് കുമാറാണ് ശിവസേനയുടെ പിന്തുണ വ്യക്തമാക്കിയത്.

ഗത്യന്തരമില്ലാതെയാണ് അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കാന്‍ മോദിസര്‍ക്കാര്‍ തയ്യാറായത്. അടുത്ത കാലം വരെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന തെലുഗുദേശം പാര്‍ട്ടിയാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്നത് ശ്രദ്ധേയമാണ്.

error: Content is protected !!