ശബരിമല സ്ത്രീ പ്രേവേശന വിഷയത്തില്‍ നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കണമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചതിന് മണിക്കൂറുകള്‍ക്കകം എതിര്‍പ്പുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തുകയും ശേഷം നിലപാടില്‍ നിന്നും പിന്നോട്ട് പോകുകയുമായിരുന്നു. പുതിയ നിലപാട് ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിക്കും.

എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. സ്ത്രീകളോടുള്ള വിവേചനമല്ല ഇതെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതെന്നുമാണ് ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നത്.

ശബരിമല പൊതുക്ഷേത്രമെങ്കില്‍ സ്ത്രീവിവേചനം പാടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. പൊതുക്ഷേത്രമാണെങ്കില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ ആരാധന നടത്താന്‍ കഴിയണമെന്നും സ്ത്രീകളെ മാത്രം ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാനാകില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.

തുടര്‍ന്നാണ് സര്‍ക്കാര്‍ കോടതിയെ നിലപാട് അറിയിച്ചിരുന്നത്. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനാനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അല്ലാത്തപക്ഷം മൗലിക അവകാശങ്ങളുടെ ലംഘനമായിരിക്കും സംഭവിക്കുകയെന്ന് കേരളം സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. അഡ്വ. ജയദീപ് ഗുപ്തയാണ് കേരളത്തിന് വേണ്ടി സുപ്രീം കോടതിയില്‍ വാദിക്കുന്നത്. ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടനാവിഷയങ്ങളാണ് കോടതി പരിഗണിക്കുന്നത്.

error: Content is protected !!