കനത്ത മഴ തുടരുന്നു; തൃശൂരില്‍ വീട് തകര്‍ന്ന് രണ്ട് മരണം

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു.  തൃശൂർ വണ്ടൂരിൽ വീട് തകർന്ന് അച്ഛനും മകനും മരിച്ചു. വണ്ടൂർ ചേനക്കല വീട്ടിൽ അയ്യപ്പൻ (70) , മകൻ രാജൻ (45) എന്നിവരാണ് മരിച്ചത്. രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും വീട് തകരുകയായിരുന്നു. മൃതദേഹങ്ങൾ പുതുക്കാട് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കാറ്റിലും മഴയിലും തകരാവുന്ന അവസ്ഥയിലായിരുന്നു ഇവരുടെ വീട്. മണ്ണ് കൊണ്ട് നിര്‍മിച്ച വീടായിരുന്നു ഇത്. അടുത്ത് വീടുകളൊന്നും ഇല്ലാതിരുന്നതിനാല്‍ രാത്രിയോടെ നടന്ന അപകടം ആരും അറിഞ്ഞിരുന്നില്ല. രാവിലെയോടെ വീട് തകര്‍ന്നത് കണ്ട് എത്തിയ നാട്ടുകാര്‍ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്ന പശ്ചാത്തലത്തിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരാൻ സാധ്യത. എന്നാൽ തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

മധ്യപ്രദേശിനു മീതേയുള്ള  ന്യൂനമർദ ഫലമായി  ഉത്തരേന്ത്യ മുഴുവൻ കനത്ത മഴ ലഭിച്ചുകൊണ്ടിരിക്കയാണ്. ഇതിലേക്ക് ആകർഷിക്കപ്പെടുന്ന മേഘങ്ങൾ തെക്കു നിന്നു വടക്കോട്ടു പോകുന്ന വഴി കേരളത്തിനു മീതേ പെയ്തിറങ്ങുന്നു. പശ്ചിമഘട്ട മലനിരകളിൽ തട്ടി ഘനീഭവിച്ചാണ് മേഘങ്ങൾ പെയ്തിറങ്ങുന്നത്.

ഈ ന്യൂനമർദം പെയ്തു തീരുന്നതിനു പിന്നാലെയാണ് ഒഡീഷയ്ക്കു താഴെ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടുന്നത്. ഇതു ഉത്തരേന്ത്യയിലെ പ്രളയ സ്ഥിതി സങ്കീർണമാക്കും. മേഘസ്ഫോടന സമാനമായ മഴ ഹിമാലയത്തിനു താഴെയുള്ള സംസ്ഥാനങ്ങളിൽ ലഭിച്ചേക്കാമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകുന്നു. ഓഗസ്റ്റ് ആദ്യവാരവും തുടർന്യൂനമർദങ്ങൾക്കു സാധ്യതയുണ്ടെന്നാണ് സൂചന.

error: Content is protected !!