റയലിലേക്ക് പോകുമോ: നിലപാട് വ്യക്തമാക്കി നെയ്മര്‍

കാല്‍പ്പന്ത് കളി ആരാധകരെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ടാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് ചേക്കേറിയത്. സ്പാനിഷ് ക്ലബ്ബിന്‍റെ ഏറ്റവും താരമൂല്യമുള്ള കളിക്കാരന്‍ ടീം വിട്ടതോടെ അത് സാമ്പത്തികമായും കളിയുമായി ബന്ധപ്പെട്ടും റയലിന്‍റെ പ്രൗഢിക്ക് വലിയ ഇടിവാണ് ഉണ്ടാക്കിയത്.

ഇതോടെ റൊണാള്‍ഡോയ്ക്ക് പകരം നില്‍ക്കാവുന്ന ഒരു താരത്തെ മാഡ്രിഡില്‍ എത്തിക്കേണ്ടത് ടീമിന് അത്യാവശ്യമായിരിക്കുകയാണ്. ബ്രസീലിന്‍റെ മിന്നും താരം നെയ്മര്‍, ഫ്രാന്‍സിന്‍റെ എംബാപ്പെ, ബല്‍ജിയത്തിന്‍റെ ഏദന്‍ ഹസാര്‍ഡ് എന്നിവരെയാണ് റയല്‍ പരിഗണിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായ നെയ്മര്‍ റയലിലെത്തിയാല്‍ അത് പ്രധാന വെെരികളായ ബാഴ്സലോണയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തലുകള്‍.

കൂടാതെ, സ്പാനിഷ് ലീഗിന്‍റെ അത്ര പ്രശസ്തിയില്ലാത്ത ഫ്രാന്‍സില്‍ നിന്ന് നെയ്മര്‍ മാറണമെന്ന് താരത്തിന്‍റെ ആരാധകരും ആവശ്യം ഉന്നയിച്ചിരുന്നു. പക്ഷേ, പുറത്ത് വന്ന റിപ്പോര്‍ട്ടുകളെയെല്ലാം നിരാകരിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നെയ്മര്‍. പാരീസില്‍ തന്നെ തുടരാനാണ് തന്‍റെ തീരുമാനമെന്ന് നെയ്മര്‍ വ്യക്തമാക്കി. എനിക്ക് കരാര്‍ ബാക്കിയുണ്ടെന്ന് സാവോ പോളോയില്‍ നടന്ന ഒരു ചടങ്ങില്‍ ബ്രസീലിയന്‍ താരം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 222 മില്യണ്‍ യൂറോയുടെ റെക്കോര്‍ഡ് തുകയ്ക്കാണ് ബാഴ്സയില്‍ നിന്ന് നെയ്മര്‍ പിഎസ്ജിയില്‍ എത്തിയത്. റയല്‍, കഴിഞ്ഞ ദിവസം നെയ്മറിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നില്ലെന്നുള്ള കാര്യം തുറന്ന് പറഞ്ഞിരുന്നു. പക്ഷേ, റൊണാള്‍ഡോ പോയതോടെ ആ വിടവ് നികത്താന്‍ ടീം നിര്‍ബന്ധിതരായതോടെയാണ് കാനറി താരത്തെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.

error: Content is protected !!