മീശയ്ക്ക് പിന്തുണയുമായി സര്‍ക്കാര്‍

സംഘപരിവാര്‍ ഭീഷണിയെത്തുടർന്ന് ഹരീഷ് നോവൽ പിൻവലിച്ചത് തെറ്റാണെന്ന് മന്ത്രി ജി സുധാകരൻ. വർഗീയ വാദികൾക്ക് മുന്നിൽ കീഴടങ്ങുക അല്ല വേണ്ടത്. സർക്കാർ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരീഷിന്റെ നോവൽ പിൻവലിക്കേണ്ടി വന്നത് കേരളത്തിന്‌ നാണക്കേടെന്നു രമേശ്‌ ചെന്നിത്തല പറഞ്ഞു.ഹരീഷിനെതിരെ സംഘ പരിവാർ ഭീഷണി മുഴക്കിയിട്ടും ആഭ്യന്തര വകുപ്പ് ഒന്നും ചെയ്തില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മതമൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്ത് നിര്‍ത്തരുത്. പൗരസമൂഹവും സാഹിത്യകാരന്മാരും ശക്തമായി ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ‘മീശ’ നോവല്‍ പിന്‍വലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിന് വലിയ നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളവും ഫാസിസ്റ്റ് ഭീഷണിയുടെ നിഴലില്‍ ആയിരിക്കുകയാണ്. ഹരീഷിനെയും അദ്ദേഹത്തിന്റെ കുടംബാംഗങ്ങളെയുമടക്കം സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചിട്ടും അതിനെതിരെ നടപടിയെടുക്കാത്ത ആഭ്യന്തര വകുപ്പിന്റെ നിലപാട് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്കിഷ്ടമില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും കായികമായി ഇല്ലായ്മ ചെയ്യാനും സംഘപരിവാര്‍ മടിക്കാറില്ല. കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും മുതല്‍ പെരുമാള്‍ മുരുകന്‍ വരെയുള്ളവവര്‍ അങ്ങിനെ ഇല്ലായ്മ ചെയ്യുകയോ നിശബ്ദരാക്കപ്പെടുകയോ ചെയ്തവരാണ്. എഴുത്തിന്റെ പേരില്‍ കഥാകൃത്തിന്റെ കഴുത്തെടുക്കാന്‍ നടക്കുന്നവര്‍ കേരളത്തെ ഇരുട്ടിലേക്കാണ് നയിക്കുന്നതെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

സംഘപരിവാര്‍ സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടര്‍ന്നാണ് എഴുത്തുകാരന്‍ നോവല്‍ പിന്‍വലിച്ചത്.

നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ. സമൂഹമനസ് പാകമാകുമ്പോള്‍ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് ഹരീഷ് അറിയിച്ചു.

error: Content is protected !!