ഓണ്‍ലൈനില്‍ വാറ്റുപകരണ വില്‍പ്പന; നടപടിയുമായി എക്‌സൈസ് വകുപ്പ്

 പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകളിൽ ചാരായ, വാറ്റുപകരണങ്ങളും വിൽപനയ്ക്ക്. വിവരമറിഞ്ഞതോടെ ഓൺലൈൻ വഴി സാധനങ്ങൾ ഓർഡർ ചെയ്ത് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് ഉറപ്പുവരുത്തി. ഇതിനുപിന്നാലെ സൈറ്റുകളുടെ നടത്തിപ്പുകാർക്കെതിരെ നടപടിയെടുക്കാനും ആരംഭിച്ചു. ഇതോടെ സൈറ്റിൽനിന്ന് ഉൽപന്നങ്ങൾ പിൻവലിച്ചു. അതേസമയം ഓൺലൈൻ സൈറ്റുകൾ വഴി ലഹരിമരുന്നു വിതരണവും നടക്കുന്നുണ്ടെന്നു വിവരമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി എക്സൈസ് വകുപ്പ് രാജ്യാന്തര ഒാണ്‍ലൈന്‍ സൈറ്റായ ഡാര്‍ക് നെറ്റ്.കോമിനെ നിരീക്ഷി‌ക്കാൻ തുടങ്ങിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് പൊലീസിനും വിശദ റിപ്പോര്‍ട്ട് നല്‍കി.

ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന വ്യാജ ലഹരിഗുളികകള്‍ ലാബില്‍ അയച്ച് പരിശോധിച്ചതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വിശദമാക്കി. ഗുളികകളില്‍ ലഹരിയുടെ അംശമില്ലെന്ന് കണ്ടെത്തിയെന്നും കമ്മീഷണര്‍ പറഞ്ഞു. കമ്മീഷണര്‍ ഓര്‍ഡര്‍ ചെയ്തതിന് പിന്നാലെ വാറ്റ് ഉപകരണങ്ങളുടെ പരസ്യം സൈറ്റുകള്‍ തന്നെ നീക്കി.

വലിയ ലഹരിക്കച്ചവടമാണ് ഓണ്‍ലൈനില്‍ നടക്കുന്നത്. പല പ്രമുഖ സൈറ്റുകളിലും ചാരായം വാറ്റുന്നതിന്റെ ഉപകരണങ്ങള്‍ വില്പനക്ക് വെച്ചതായാണ് റിപ്പോര്‍ട്ട്. ഓരോന്നിന്റെയും ഉപയോഗ രീതിയും വിലയും കൃത്യമായി വിവരിക്കുന്നു. വില്‍പന സജീവമായതറിഞ്ഞാണ് ഋഷിരാജ് സിംഗ് സൈറ്റില്‍ കയറി ഓര്‍ഡര്‍ ചെയ്തത്. പിന്നാലെ ചില സൈറ്റുകള്‍ പരസ്യങ്ങള്‍ പിന്‍വലിച്ചു.

സൈറ്റുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചതായി എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. പക്ഷെ നിയമരമായി ഇത്തരം പരസ്യങ്ങളെ നിരോധിക്കാനാവില്ലെന്നത് മറ്റൊരു പ്രധാന പ്രശ്‌നമാണ്. മുന്‍നിര വ്യാപാര സൈറ്റുകളാണ് വാറ്റുപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്നത്. വ്യാപാര സൈറ്റുകളില്‍ ലിക്കര്‍ മാനുഫാക്ച്ചറിങ് യൂണിറ്റ് എന്നു ടൈപ്പു ചെയ്താല്‍ ഉപകരണങ്ങള്‍ ലഭ്യമാകും. ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ എക്‌സൈസ് ആസ്ഥാനത്തും ലഭിച്ചു. തുടര്‍ന്നാണ് ഋഷിരാജ് സിങ്ങ് ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിച്ചത്.

error: Content is protected !!