മഞ്ജു എന്തുകൊണ്ട് മൗനം പാലിക്കുന്നു; രേവതി പറയുന്നു

മഞ്ജു വാര്യര്‍ എന്തുകൊണ്ടാണ് ഒന്നും പറയാത്തത്? ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ഉയര്‍ത്തിയ കോലാഹലവും വിവാദവും സിനിമാമേഖലയില്‍ നിന്ന് പൊതുസമൂഹത്തിലെത്തി ഇപ്പോഴും നിലയ്ക്കാത്ത ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോവുമ്പോള്‍ ഒരുപാട് പേര്‍ ചോദിക്കുന്ന ചോദ്യമാണിത്. രമ്യ നമ്പീശനും റിമ കല്ലിങ്കലുമുള്‍പ്പെടെ നാല് ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയില്‍ നിന്ന് രാജി വച്ചപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ഒരു ചോദ്യം ഇതായിരുന്നു. മഞ്ജു എന്തുകൊണ്ട് രാജിവച്ചില്ല? ഈ ചോദ്യത്തിന് മറുപടി പറയുകയാണ് നടിയും സംവിധായികയുമായ രേവതി.

“ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാനാണ് മഞ്ജുവിന്‍റെ തീരുമാനം. ഈ മുഴുവന്‍ വിഷയങ്ങളുമായും അവര്‍ക്കുള്ള വ്യക്തിപരമായ ബന്ധം കൊണ്ടാണ് അത്. മഞ്ജുവിന് അത്തരമൊരു തീരുമാനമെടുക്കാനുള്ള ധാര്‍മ്മികമായ എല്ലാ അവകാശങ്ങളുമുണ്ട്, അതാണ് അവള്‍ ആഗ്രഹിക്കുന്നതെങ്കില്‍..” ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രേവതി പറഞ്ഞു.

പൃഥ്വിരാജ് ഒഴികെയുള്ള യുവതാരങ്ങള്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ മൗനം പാലിക്കുന്നുവെന്നുള്ള ചോദ്യത്തിന് രേവതിയുടെ മറുപടി ഇങ്ങനെ.. “വര്‍ഷങ്ങളുടെ ശീലീകരണംകൊണ്ട് സംഭവിക്കുന്നതാണ് അത്. അത് മാറാന്‍ സമയമെടുക്കും. ഇത്തരം വിഷയങ്ങളെക്കുറിച്ചൊക്കെയുള്ള ബോധവല്‍ക്കരണം ആരംഭിച്ചിട്ടേയുള്ളൂ നമ്മള്‍.”

error: Content is protected !!