റിമയും സംഘവും “അമ്മ” വിടുന്നു

സ്ത്രീവിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോകുന്ന അമ്മയിൽ തുടരാനാകില്ലെന്നാണ് റിമ കല്ലിങ്കലിന്‍റെ നിലപാട്.ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് റിമ നിലപാടുകൾ വ്യക്തമാക്കിയത്.നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധം അറിയിച്ച് വനിതകൂട്ടായ്മയായ ഡബ്ല്യുസിസി ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അമ്മയിലെ അംഗങ്ങളായിട്ടും യോഗത്തിൽ നിലപാടറിയിക്കാതെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിനെതിരെ ഡബ്ല്യുസിസിക്കെതിരെ വിമർശനം ഉയർന്നിരിരുന്നു.ഈ സാഹചര്യത്തിലാണ് റിമ കല്ലിങ്കലിന്‍റെ പ്രതികരണം.

അമ്മയിൽ പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് വ്യക്തമായി അറിയാമായിരുന്നത് കൊണ്ടാണ് വളരെ ഡെമോക്രാറ്റികും പബ്ലിക്കുമായ ഫെയ്സ്ബുക്ക് എന്ന ഇടത്തിലൂടെ തങ്ങൾ ഇക്കാര്യങ്ങൾ ചോദിച്ചതെന്നാണ് റിമ പറയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പല തരത്തിലും അമ്മയുമായി ചർച്ചയ്ക്ക് ശ്രമിച്ചിട്ട് നടന്നില്ലെന്നും എന്നാൽ ഒരു സ്വകാര്യ ചാനലുമായി കൈകോർത്ത് അമ്മയിലെ അംഗങ്ങൾ നടത്തിയ ഷോയിൽ അമ്മയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സ്കിറ്റിലൂടെ തങ്ങളെ പരസ്യമായി അവഹേളിച്ചാണ് അവർ മറുപടി നൽകിയതെന്നും റിമ പറയുന്നു.

കുറ്റാരോപിതനോടൊപ്പമാണ് എന്ന് അമ്മ നിലപാട് വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ തങ്ങൾ എന്തിന് ഈ സംഘടനയുടെ ഭാഗമായി തുടരണമെന്ന് , ആക്രമണത്തെ അതിജീവിച്ച വ്യക്തിയെയും താൻ ഉൾപ്പെടെയുള്ളവരെയും മനസിലാക്കിപ്പിക്കേണ്ടത് അമ്മയുടെ ഉത്തരവാദിത്വമാണെന്നും അക്കാര്യം ബോധ്യപ്പെടുത്താതെ ഈ സംഘടനയിൽ തുടരേണ്ടതില്ലെന്നും റിമ പറയുന്നു.ആക്രമണത്തിന് ഇരയായ നടിക്കൊപ്പമാണ് തങ്ങളെന്നും എന്തൊക്കെ സംഭവിച്ചാലും മുന്നോട്ടുപോകുമെന്നും റിമ പറയുന്നു. അവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭയം ഇല്ലെന്നും റിമ വ്യക്തമാക്കി.

error: Content is protected !!