സംസ്ഥാനത്ത് ശക്തമായ മഴ; ഒരു മരണം, വ്യാപക നാശനഷ്ടം

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്നു.  തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന്‍റെ നാല് ഷട്ടറുകള്‍ തുറുന്നു. പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. മലയോര മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടായി. കഴിഞ്ഞ 12 മണിക്കൂറായി തുടരുന്ന മഴ കാരണം നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. തിരുവനന്തപുരത്ത് പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രാത്രി തുടങ്ങിയ മഴയ്ക്കു കുറവില്ല. രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാവിലെ ആറുമണിയോടെ പാല്‍ വാങ്ങാന്‍ പോയ ജോര്‍ജ്കുട്ടി ജോണാണ് (74) നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി മരിച്ചത്. കാറ്റിലും മഴയിലും കള്ളിക്കാട്, കുറ്റിച്ചൽ, അമ്പൂരി, വെള്ളറട പഞ്ചായത്തുകളിൽ വ്യാപക നാശമുണ്ടായി. തിരുവനന്തപുരത്ത് നെയ്യാര്‍, അരുവിക്കര, പേപ്പാറ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. നെയ്യാർ അണക്കെട്ടിന്റെ ഷട്ടറുകൾ മൂന്ന് അടിയാക്കി തുറന്നു. ആദ്യം ഒരടിയാണു തുറന്നത്. അരുവിക്കര ഒന്നര മീറ്ററും പേപ്പാറ ഒന്നര സെന്റീമീറ്ററും മാത്രമാണ് ഉയർത്തിയിരിക്കുന്നത്.

പുലർച്ചെയുണ്ടായ കനത്ത മഴയിൽ ‌‌ആറളം ഫാം വളയംചാൽ തൂക്കുപാലം ഒഴുക്കിപ്പോയി. ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപ്പാലമാണ് ഒഴുകിപ്പോയത്. പാലപ്പുഴ പാലത്തിനു മുകളിലൂടെയും വെള്ളം കുത്തിയൊഴുകാൻ തുടങ്ങിയതോടെ ആറളം കീഴ്പ്പള്ളി റോഡിലെ ഗതാഗതം മുടങ്ങി. ആറളം ഫാം ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ആറളം ഫാമും വന്യജീവി സങ്കേതവും ഉൾപ്പെട്ട ഭാഗത്തേക്ക് എത്താൻ ആശ്രയിച്ചിരുന്ന വളയംചാലിലെ തൂക്കുപാലമാണ് ഒഴുകിപ്പോയത്.

പേരാവൂരിൽ എട്ട് മണിക്കൂറിലധികമായി പെയ്യുന്ന മഴയിൽ മലയോര മേഖലയിലെ ടൗണുകൾ വരെ വെള്ളത്തിലായി. കൊട്ടിയൂർ പഞ്ചായത്ത് ഓഫിസടക്കം വെള്ളത്തിലാണ്. ടൗൺ പരിസരത്ത് മലയോര ഹൈവേ പൂർണ്ണമായി വെള്ളം കയറിയ നിലയിലാണ്. അമ്പായത്തോട്, കൊട്ടിയൂർ, അടക്കാത്തോട്, വളയംചാൽ, വാളുമുക്ക്, ഓടംതോട്, അണുങ്ങോട്, മംപ്പുരചാൽ, പെരുമ്പുന്ന, തൊണ്ടിയിൽ, പുന്നപ്പാലം, പെരുവ, നെടുംപൊയിൽ, നെടുംപുറംചാൽ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. ബാവലി, ചീങ്കണ്ണി, കാഞ്ഞരപ്പുഴ എന്നിവയെല്ലാം കര കവിഞ്ഞൊഴുകുന്നു. പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. മലയിടിച്ചിൽ ഭീഷണിയിലും ഉരുൾപൊട്ടൽ ഭീതിയിലുമാണ് മലയോരം. വനാതിർത്തിയിൽ നിർമിച്ച ആന മതിൽ ചിലയിടങ്ങളിൽ തകർന്നു വീണു. ചീങ്കണ്ണി പുഴയോരത്ത് മുട്ടി മാറ്റിയിലെ മതിൽ ഭാഗമാണ് തകർന്നത്. മഴ തുടരുകയാണ്.

error: Content is protected !!