കടമ്പൂര്‍ നിവാസികളുടെ 40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഉപ്പുവെള്ള പ്രതിരോധ തടയണ നിര്‍മ്മിച്ചു

കണ്ണൂര്‍: കടമ്പൂര്‍ പോതിയോട്ട് ചിറയില്‍ ഉപ്പുവെള്ള പ്രതിരോധ തടയണ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. മമ്മാക്കുന്ന് പുഴയില്‍ നിന്നും കടമ്പൂര്‍ വയലിലേക്കും ഒരികര വയലിലേക്കും ഉപ്പുവെള്ളം കയറുന്നത് തടയാനായാണ് തടയണ നിര്‍മ്മിച്ചത്. ഇതുവഴി പത്തു ഹെക്ടര്‍ നെല്‍വയല്‍ ഉള്‍പ്പെടെ 20 ഹെക്ടര്‍ സ്ഥലത്തേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ കഴിയും. കടമ്പൂര്‍-ഒരികര ഭാഗത്തേക്ക് പുഴയില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നതു കാരണം 40 വര്‍ഷത്തോളമായി ഇവിടത്തെ നെല്‍വയലുകളില്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു.

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലാണ് തടയണ നിര്‍മ്മിച്ചതെങ്കിലും കടമ്പൂര്‍ പഞ്ചായത്തിലെ ജനങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ചെറുകിട ജലസേചന ഫണ്ടില്‍ നിന്നുള്ള 39 ലക്ഷം രൂപ ഉപയോഗിച്ചാണ് തടയണ നിര്‍മ്മിച്ചത്. 12 മീറ്റര്‍ നീളത്തിലും 2.3 മീറ്റര്‍ ഉയരത്തിലുമാണ് തടയണ നിര്‍മ്മിച്ചത്. തടയണയുടെ താഴെയും മുകളിലും കോണ്‍ക്രീറ്റ് ഉപയോഗിച്ച് പാര്‍ശ്വഭിത്തിയും നിര്‍മ്മിച്ചിട്ടുണ്ട്.

തുലാവര്‍ഷത്തിന്റെ അവസാന സമയത്താണ് തടയണയുടെ ഷട്ടര്‍ അടച്ച് പുഴയില്‍ നിന്നുള്ള ഉപ്പുവെള്ളത്തെ തടയുക. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഷട്ടര്‍ നീക്കി തോടിന്റെ സ്വാഭാവികമായ ഒഴുക്ക് പുന:സ്ഥാപിക്കുകയും ചെയ്യും. കൃഷി നടത്താന്‍ കഴിയാത്തതിനു പുറമെ പ്രദേശവാസികള്‍ക്കും ഉപ്പുവെള്ളം കയറുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്‌നമായിരുന്നു. തടയണ നിര്‍മ്മിച്ചതിലൂടെ ഇതിനെല്ലാം പരിഹാരമായി. ഉപ്പുവെള്ളത്തില്‍ നിന്നും വീണ്ടെടുത്ത നെല്‍വയലുകളെ കൃഷിയോഗ്യമാക്കി അടുത്തു തന്നെ കൃഷി ഇറക്കാനാണ് തീരുമാനമെന്ന് കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശന്‍ പറഞ്ഞു.

error: Content is protected !!