ഗുഹയില്‍പ്പെട്ടവരെ രക്ഷിക്കാന്‍ വൈകുമെന്ന് സൂചന

വടക്കന്‍ തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീമംഗങ്ങളേയും കോച്ചിനേയും കണ്ടെത്തിയതായി പ്രവശ്യാ ഭരണകൂടം അറിയിച്ചു. ഇവര്‍ സുരക്ഷിതരാണെന്ന് ഗവര്‍ണര്‍ അറിയിച്ചു.

12 കുട്ടികളും കോച്ചുമാണ് ഒന്‍പതു ദിവസമായി ഗുഹയില്‍ കുടുങ്ങിയത്. ഇവര്‍ സുരക്ഷിതരാണെങ്കിലും ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും അറിവായിട്ടില്ല. വെള്ളപ്പൊക്കത്തിലായ ഗുഹയിലെ പാറയിൽ അഭയം തേടിയവരെ രക്ഷിക്കാനുള്ള നീക്കങ്ങൾ മാസങ്ങൾ നീണ്ടേക്കുമെന്ന് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ടു ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് 13 പേരടങ്ങുന്ന സംഘം ഉത്തര തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്. 11 മുതല്‍ 16 വരെ പ്രായമുളള 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചുമാണു കുടുങ്ങിയിരിക്കുന്നത്.

ഫുട്‌ബോള്‍ പരിശീലനത്തിനു പോയ കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളില്‍ കയറിയ ശേഷമാണു കനത്ത മഴ തുടങ്ങിയത്.

ഗുഹയിലെ പാതകളിൽ വെള്ളം നിറഞ്ഞതിനാൽ ഉള്ളിൽ അകപ്പെട്ടവരെ മുങ്ങാംകുഴിയിടുന്നതു പരിശീലിപ്പിച്ച് പുറത്തെത്തിക്കുകയോ അതുമല്ലെങ്കിൽ വെള്ളം താഴുന്നതു വരെ കാത്തിരിക്കുകയോ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ജലം താഴാനായി കാത്തിരിക്കേണ്ടി വന്നാൽ നാലു മാസമെങ്കിലും പുറത്തുനിന്ന് ഭക്ഷണവും മരുന്നും മറ്റും എത്തിക്കേണ്ടതായി വരുമെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ടു ചെയ്തു.

മഴക്കാലത്ത് സാധാരണ നിറയാറുള്ള ഗുഹ തുടർന്ന് സെപ്റ്റംബർ, ഒക്ടോബർ മാസം വരെ വെള്ളപ്പൊക്കത്തിൽ അകപ്പെടുകയാണ് പതിവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ ചെളിനിറഞ്ഞതും തമ്മിൽ കാണാനാകാത്ത വിധത്തിൽ വെള്ളം നിറഞ്ഞതുമായ ഗുഹാവഴികളിലൂടെ മുങ്ങിനീന്തിയെത്താൻ കുട്ടികളെയും കോച്ചിനെയും പരിശീലിപ്പിക്കുകയെന്നത് ബുദ്ധിമുട്ടാകുമെന്നും സൂചനയുണ്ട്. ഗുഹയിൽ നിറഞ്ഞ വെള്ളം പമ്പു ചെയ്തു കളഞ്ഞ് ജലപരിധി താഴ്ത്താനുളള ശ്രമങ്ങൾ വിജയം കാണുന്നുമില്ല.

ലോകം മുഴുവൻ ശ്വാസമടക്കി കണ്ട അപകടത്തിൽ ആശ്വാസവാർത്തയെത്തിയത് ഇന്നലെ രാത്രി ഒൻപതോടെയാണ്. രക്ഷാപ്രവർത്തകർ ആദ്യദിനം മുതൽ കരുതിയിരുന്നതു പോലെ 13 പേരും ഗുഹയ്ക്കുള്ളിൽ ‘പട്ടായ ബീച്ച്’ എന്നറിയപ്പെടുന്ന അറയ്ക്കുള്ളിൽ സുരക്ഷിതരായിരുന്നു. കനത്തമഴയിൽ ഗുഹയ്ക്കുള്ളിലേക്ക് ഇരച്ചെത്തിയ പ്രളയജലത്തിൽനിന്നു രക്ഷപ്പെടാൻ പട്ടായബീച്ചിലെ പാറക്കല്ലിനു മുകളിൽ അഭയം തേടിയിരിക്കുകയായിരുന്നു കുട്ടികളും കോച്ചും. 11–16 പ്രായക്കാരാണു കുട്ടികളെല്ലാവരും. ഇരുപത്തഞ്ചുകാരനാണു കോച്ച്.

error: Content is protected !!