നിപ്പയുടെ ഉറവിടം പഴം തീനി വവ്വാലുകളെന്ന് കണ്ടെത്തല്‍

കോഴിക്കോട് പേരാമ്പ്രയില്‍ കണ്ടെത്തിയ നിപ്പ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍ ആണെന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സ്ഥിരീകരണം. ആദ്യഘട്ടത്തില്‍ പരിശോധിച്ച വവ്വാലുകളില്‍ നിപ്പ വൈറസ് കണ്ടെത്തിയിരുന്നില്ല. ഇവ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ലെന്നും അതിനാലാണ് നിപ്പ കണ്ടെത്താന്‍ സാധിക്കാതിരുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വവ്വാലുകളെ ഈ പ്രദേശത്ത്‌ നിന്ന് പിടികൂടി പരിശോധന നടത്തിയത്.

രണ്ടാം ഘട്ടത്തില്‍ 51 വവ്വാലുകളെ പിടികൂടിയതില്‍ പഴംതീനി വവ്വാലുകളും ഉണ്ടായിരുന്നു. ഇവയില്‍ ചിലതിലാണ് നിപ്പയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ പരിശോധന നടത്തിയ വവ്വാലുകളിൽ വൈറസ് ബാധ കണ്ടെത്തിയിരുന്നില്ല. നിപ്പ മൂലം അവസാന മരണമുണ്ടായത് മേയ് 31ന് ആണ്. നിപ്പയുടെ നിരീക്ഷണ കാലഘട്ടം 21 ദിവസം ആണ്. എന്നാൽ, 31നു ശേഷം ഒരൊറ്റയാളിൽപ്പോലും നിപ്പ സ്ഥിരീകരിച്ചിട്ടില്ല. ഒട്ടേറെപ്പേരെ നിപ്പ ലക്ഷണങ്ങളോടെ നിരീക്ഷിച്ചെങ്കിലും എല്ലാവരുടെയും സാംപിൾ ഫലം നെഗറ്റീവ് ആയിരുന്നു.

അതേസമയം, അടുത്ത ഡിസംബർ മുതൽ േമയ് വരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മലേഷ്യയിൽ ഒരൊറ്റത്തവണയേ നിപ്പ ബാധയുണ്ടായിട്ടുള്ളൂ. എന്നാൽ, ബംഗ്ലദേശിൽ പല തവണ ആവർത്തിച്ചു. അവിടെയുള്ള അതേ സാഹചര്യം ഇവിടെയില്ലെങ്കിലും ജാഗ്രത തുടരാൻ തന്നെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

error: Content is protected !!