അവിശ്വാസപ്രമേയം; എം.പിമാര്‍ക്ക് നല്‍കിയ വിപ്പ് പിന്‍വലിച്ച് ശിവസേന

പാര്‍ലമെന്റില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അവിശ്വാസപ്രമേയം ഇന്ന് പരിഗണിക്കാനിരിക്കെ പാര്‍ട്ടി എം.പിമാര്‍ക്ക് നല്‍കിയ വിപ്പ് ശിവസേന പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ആദ്യമായാണ് അവിശ്വാസപ്രമേയം നേരിടുന്നത്. ബി.ജെ.പിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ശിവസേനയുടെ നിലപാട് നിര്‍ണായകമാണ്. ഇന്നലെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെയെ ഫോണില്‍ വിളിച്ച് പിന്തുണ തേടിയിരുന്നു. പിന്തുണയ്ക്കാമെന്ന് താക്കറെ പറഞ്ഞിരുന്നെങ്കിലും അവിശ്വാസപ്രമേയത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലെന്ന് ശിവസേന എം.പിമാര്‍ പറയുന്നു.

ഭൂരിപക്ഷം അനായാസം തെളിയിക്കാന്‍ സാധിക്കുമെങ്കിലും ബിജെപി പ്രതിപക്ഷ നിരയില്‍ വിള്ളല്‍ വീഴ്ത്തി പരമാവധി വോട്ട് നേടാണ് ശ്രമിക്കുന്നത്. അതേസമയം, എന്‍ഡിഎയില്‍ തന്നെയുണ്ടായ പുതിയ നീക്കം ബിജെപിയെ അമ്പരിപ്പിച്ചു. ഏറെ നാളുകളായി ശിവസേനയും ബിജെപിയും തമ്മില്‍ പലകാര്യങ്ങളിലും രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്നുണ്ട്.

ലോക്സഭയില്‍ ബിജെപിക്ക് സുരക്ഷിത ഭൂരിപക്ഷമുണ്ടായിട്ടും കഴിഞ്ഞ സമ്മേളനത്തില്‍ തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചിരുന്നു. ഇതിന്റെ പേരില്‍ കഴിഞ്ഞ സമ്മേളനം മുഴുവന്‍ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം കാരണം തടസ്സപ്പെട്ടു. എന്നിട്ടും നിലപാടില്‍ അയവ് വരുത്താന്‍ ബിജെപി തയ്യാറായിരുന്നില്ല. അരയും തലയും മുറുക്കി ബിജെപി നേതാക്കള്‍ പാര്‍ട്ടിയുടെ ഈ നിലപാടിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

പക്ഷേ, ഇത്തവണ സമ്മേളനം തുടങ്ങിയ ദിവസം തന്നെ ലോക്സഭയില്‍ ബിജെപി നടത്തിയ നിലപാട് മാറ്റം അണികളെ പോലും അമ്പരിപ്പിച്ചു. മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ സ്പീക്കര്‍ അവതരണാനുമതി നല്‍കുകയായിരുന്നു. ഇത് ചര്‍ച്ചയ്ക്കെടുക്കുന്ന തിയതിയും സമയവും പിന്നീട് തീരുമാനിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. ഈ സമ്മേളനത്തിന് ഓഗസ്റ്റ് 10 വരെ കാലാവധിയുണ്ട്.

കഴിഞ്ഞ സമ്മേളനത്തില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസും ടിഡിപിയുമാണ് മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. ലോക്‌സഭ ഇത്പരിഗണിച്ചിരുന്നില്ല.

അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും എ ഐ എ ഡിഎംകെയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. നാലു വര്‍ഷത്തെ ഭരണത്തിനിടെ കഴിഞ്ഞ സമ്മേളനത്തിലാണ് ആദ്യമായി പ്രധാന പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം നടത്തിയത്.

എന്‍ഡിഎ വിട്ട തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാണ് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന തീരുമാനം അറിയിച്ചത്. ബിജെപിക്കെതിരായ പ്രാദേശിക കക്ഷികളുടെ ഐക്യനീക്കമായിട്ടാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി കിട്ടണമെങ്കില്‍ 54 എം.പിമാരുടെ പിന്തുണ വേണം. 2017, 2018 വര്‍ഷങ്ങളിലെ 10 ഉപതിരഞ്ഞെടുപ്പുകളില്‍ ഒന്നിലും ജയിക്കാന്‍ കഴിയാത്ത ബിജെപിക്ക് ലോക്സഭയില്‍ ഇപ്പോഴും ഒറ്റക്ക് കേവല ഭൂരിപക്ഷമുണ്ട്.

error: Content is protected !!