മഞ്ഞളിന്‍റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ അല്‍ഭുതപ്പെടും

സൗന്ദര്യ വർധനം മുതൽ അർബുദം തടയുന്നതുവരെ നീളുന്നതാണ് മഞ്ഞളിന്റെ ഗുണങ്ങൾ. സുഗന്ധവ്യഞ്ജനമായ മഞ്ഞൾ സസ്യേതര ഭക്ഷണങ്ങളിൽ മിക്കവയുടെയും ചേരുവ ആണ്.

മഞ്ഞൾ ഇല്ലാത്ത ഒരു അടുക്കള പോലും നമ്മുടെ നാട്ടിൽ ഉണ്ടാവില്ല. ആന്റിഓക്സിഡന്റുകൾ ധാരാളമുള്ള മഞ്ഞൾ ഔഷധമായും ഉപയോഗിക്കുന്നു. എന്നാൽ മഞ്ഞളിന്റെ ഗുണങ്ങൾ പൂർണമായും ലഭിക്കാൻ മഞ്ഞൾ പാകം ചെയ്യണോ അതോ പച്ചയ്ക്ക് ഉപയോഗിക്കണോ?

പച്ചക്കറികൾ വേവിക്കുമ്പോഴേ മഞ്ഞൾ ചേർക്കുകയാണ് പതിവ്. എന്നാൽ കൂടിയ താപനിലയിൽ തിളപ്പിക്കുമ്പോഴും പ്രഷർകുക്കറിൽ വേവിക്കുമ്പോഴും മഞ്ഞളിന്റെ ഗുണങ്ങൾ നശിക്കുന്നതായി ഒരു പഠനത്തിൽ തെളിഞ്ഞു.

മഞ്ഞളിന് ആരോഗ്യ ഗുണങ്ങൾ നൽകുന്നത് അതിലടങ്ങിയ കുർകുമിനോയിഡുകൾ എന്ന സംയുക്തങ്ങളാണ്. ഇതോടൊപ്പം 34 എസൻഷ്യൽ ഓയിലും മഞ്ഞളിലുണ്ട്. തലച്ചോറിന് ആരോഗ്യമേകുന്നതോടൊപ്പം ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശക്തിയേകാനും മഞ്ഞൾ സഹായിക്കുന്നു. സന്ധിവേദനയിൽ നിന്ന് ആശ്വാസമേകുന്നതോടൊപ്പം അർബുദം തടയാൻ പോലും മഞ്ഞളിലടങ്ങിയ ഈ സംയുക്തങ്ങൾ സഹായിക്കുന്നു.

മൈസൂറിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഡിപ്പാർട്ട്മെന്റ് ഓഫ് ബയോകെമിസ്ട്രി ആൻഡ് ന്യൂട്രീഷനും നടത്തിയ പഠനത്തിൽ, കൂടിയ താപനിലയിൽ തിളപ്പിക്കുമ്പോഴും പ്രഷർ കുക്കറിൽ വേവിക്കുമ്പോഴും മഞ്ഞളിലടങ്ങിയ  സംയുക്തമായ കുർകുമിൻ നഷ്ടപ്പെടുന്നതായി കണ്ടു.

പത്തു മിനിറ്റ് തിളപ്പിക്കുമ്പോഴും ഇരുപത് മിനിറ്റ് തിളപ്പിക്കുമ്പോഴും പത്തു മിനിറ്റ് പ്രഷർകുക്ക് ചെയ്യുമ്പോഴും മഞ്ഞളിലെ കുർകുമിന് സംഭവിക്കുന്ന മാറ്റങ്ങൾ ഗവേഷകർ പരിശോധിച്ചു.

ചൂടാകുമ്പോൾ 27 മുതൽ 53 ശതമാനം വരെ കുർകുമിൻ നഷ്ടപ്പെടുന്നതായി കണ്ടു. എന്നാൽ പുളിയുള്ള വസ്തുക്കളോടൊപ്പം ചൂടാക്കുമ്പോൾ നഷ്ടം 12 മുതൽ 30 ശതമാനം വരെ കുറവാണ്. ഈ പഠനത്തിൽ വാളൻപുളിയാണ് മഞ്ഞളിനൊപ്പം ഉപയോഗിച്ചത്. പ്രഷർ കുക്കറിൽ പാചകം ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതൽ കുർകുമിൻ നഷ്ടപ്പെടുന്നത്.

മഞ്ഞൾ കൂടിയ ചൂടിൽ തിളപ്പിക്കുമ്പോഴാണ് കുർകുമിൻ നഷ്ടപ്പെടുന്നത്. അൽപസമയം  മഞ്ഞൾ വേവിക്കുന്നത് ആരോഗ്യ ഗുണങ്ങൾ കൂട്ടുകയേ ഉള്ളൂ. കുർകുമിനോയിഡുകൾ പെട്ടെന്നു തന്നെ ശരീരം ആഗീരണം ചെയ്യാൻ ഇത് സഹായിക്കും. കുർകുമിൻ നഷ്ടപ്പെടാതിരിക്കാൻ പരിപ്പും പച്ചക്കറികളും വേവിക്കുമ്പോൾ ഒടുവിൽ മഞ്ഞൾ ചേർക്കുന്നതായിരിക്കും നല്ലതെന്ന് പോഷകാഹാര വിദഗ്ധർ നിർദേശിക്കുന്നു.

error: Content is protected !!