പട്ടിണി സമരവുമായി കുട്ടികള്‍

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടു നിരവധി സമരങ്ങള്‍ക്ക് കേരളം സാക്ഷിയാണ്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പരിമിതികള്‍ കാരണം സ്ഥലം ഏറ്റെടുക്കലും അലൈന്മെന്റ് തീരുമാനിക്കലും എക്കാലത്തും സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും തീരാ തലവേദനയാണ്. ഈ അടുത്ത കാലത്ത് കണ്ണൂര്‍ ജില്ലയുടെ വിവധ പ്രദേശങ്ങളിലാണ് ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടു കൂടുതല്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. മലയോര ഹൈവേയുടെയും മാഹി ബൈപ്പാസിന്റെയും സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിഹരിച്ചു വന്നപ്പോഴേക്കും കീഴാറ്റൂര്‍ മേഖലയില്‍ സമാന പ്രശ്നങ്ങള്‍ കൂടുതല്‍ ശകതമായ തലത്തിലേക്ക് മാറി. ഒടുവില്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും പരസ്പ്പര പഴിചാരലുകള്‍ക്കും വരെ കാരണമായ കീഴാറ്റൂര്‍ ഇപ്പോഴും പുകഞ്ഞു കൊണ്ട് തന്നെയിരിക്കുന്നു.

അതേ സാഹചര്യത്തിലേക്ക് പുതിയ ഒരു മേഖല കൂടി കടന്നുവരികയാണ്. കീഴാറ്റൂരില്‍ നിന്നും അധികമൊന്നും ദൂരമില്ലാത്ത പാപ്പിനിശേരി. പാപ്പിനിശ്ശേരി തുരുത്തി പ്രദേശത്തു കൂടി കടന്നു പോകുന്ന തരത്തില്‍ തീരുമാനിച്ചിരിക്കുന്ന ദേശീയ പാതാ ബൈപാസിനെചൊല്ലിയാണ് പ്രദേശത്ത് പ്രക്ഷോഭം നടക്കുന്നത്. സ്ത്രീകളും കുട്ടികളുമായി നൂറു കണക്കിന് പേരാണ് സമരമുഖത്തുള്ളത്. പുതിയ അലൈൻമെൻറ് പ്രകാരം പാപ്പിനിശ്ശേരി തുരുത്തി, വേളാപുരം ,എന്നിവിടങ്ങളിലായി 400ലധികം കുടുംബങ്ങളിൽ കുടിയൊഴിപ്പിക്കേണ്ടി വരും എന്നതാണ് സമരക്കാരുടെ പ്രധാന പരാതി. ദളിത്‌ വിഭാഗത്തില്‍പെട്ട ആളുകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തു കൂടി റോഡ്‌ തീരുമാനിച്ചത് ദളിതരോടുള്ള സര്‍ക്കാരിന്റെ മ്ലേച്ചമായ നിലപാടായാണ് പ്രദേശവാസികള്‍ കാണുന്നത്.

ഈ അവസരത്തില്‍ പുത്തന്‍ പ്രതിഷേധങ്ങളുമായി മുന്നോട്ട് വരികയാണ് തുരുത്തിയിലെ വിദ്യാര്‍ഥികള്‍.വീടില്ലാത്ത തങ്ങള്‍ക്ക് എന്തിനാണ് പഠനം എന്ന ചോദ്യമുയര്‍ത്തി നൂറുകണക്കിന് കുട്ടികള്‍ പഠനം ബഹിഷ്കരിച്ചു സമരപന്തലില്‍ കുടില്‍ക്കെട്ടി പട്ടിണി സമരം നടത്തിയത്. കുട്ടികളുടെ ഈ വേറിട്ട സമരരീതി ഏറെ ഗുണം ചെയ്യുമെന്നാണ് സമരസമിതിയുടെ കണക്കുകൂട്ടല്‍.

അതേസമയം പ്രതിഷേധം ദേശീയപാതയിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് സമരസമിതി.തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളോട് മുഖംതിരിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് സമരം പൊതു നിരത്തിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ച് ഉൾപ്പടെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.ഇതിനിടെ പാപ്പിനിശ്ശേരി സ്വദേശി നൽകിയ സ്വകാര്യ അന്യായത്തെ തുടർന്ന് ദേശീയപാതാ അതോറിറ്റി, സംസ്ഥാനസർക്കാർ, ജില്ലാ ജില്ലാ കലക്ടർ, എന്നിവർ ബൈപ്പാസ് അലൈൻമെൻറ് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഈമാസം 11ന് പാപ്പിനിശ്ശേരിയിൽ നടക്കുന്ന ഉപരോധ സമരത്തിൽ വിവിധ സമരസമിതി നേതാക്കൾ സംബന്ധിക്കും.

error: Content is protected !!