തുരുത്തി ബൈപാസ് നിർമ്മാണം; പ്രതിഷേധം ദേശീയപാതയിലേക്ക്
കണ്ണൂർ പാപ്പിനിശ്ശേരി തുരുത്തി ബൈപാസ് നിർമാണത്തിന് എതിരെ ഉയർന്ന പ്രതിഷേധം ദേശീയപാതയിലേക്ക് വ്യാപിപ്പിക്കുന്നു. പ്രദേശവാസികള്‍ ഉന്നയിച്ച ആവശ്യങ്ങളോട് മുഖംതിരിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പൊതു നിരത്തിലേക്ക് വ്യാപിപ്പിക്കാന്‍ സമരക്കാര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ച് ഉൾപ്പടെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.കൂടാതെ ഇന്ന് കോളനിയിലെ വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി പട്ടിണി സമരവും സംഘടിപ്പിച്ചിട്ടുണ്ട്. പുതിയ അലൈൻമെൻറ് പ്രകാരം പാപ്പിനിശ്ശേരി തുരുത്തി, വേളാപുരം, എന്നിവിടങ്ങളിലായി 400ലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും എന്നതാണ് സമരക്കാരുടെ പ്രധാന പരാതി. ഇതിനിടെ പാപ്പിനിശ്ശേരി സ്വദേശി നൽകിയ സ്വകാര്യ അന്യായത്തെ തുടർന്ന് ദേശീയപാതാ അതോറിറ്റി, സംസ്ഥാനസർക്കാർ, ജില്ലാ ജില്ലാ കലക്ടർ, എന്നിവർ ബൈപ്പാസ് അലൈൻമെൻറ് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.