വിദ്യാര്‍ഥികളുടെ കായികക്ഷമതാ പദ്ധതിക്ക് തുടക്കമായി; ഫിറ്റ്‌നസ് കാര്‍ഡ് തയ്യാറാക്കും

ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ഗവ. ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം മേയര്‍ ഇ.പി ലത നിര്‍വഹിച്ചു. പഠനത്തിനൊപ്പം വിദ്യാര്‍ഥികളുടെ കായികക്ഷമത ശക്തിപ്പെടുത്തുന്നതിനുള്ള ഈ പദ്ധതി മാതൃകാപരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഡി.ഡി.ഇ സി.ഐ വല്‍സല അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പദ്ധതി വിശദീകരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

പൈലറ്റ് പ്രൊജക്ട് എന്ന രീതിയില്‍ ജില്ലയിലെ 45 സര്‍ക്കാര്‍ സ്‌കൂളുകളിലെ ആറു മുതല്‍ ഒന്‍പത് ക്ലാസ്സുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി ജൂലൈ 15നു മുമ്പായി വിദ്യാര്‍ഥികളുടെ നിലവിലെ കായികക്ഷമതാ നിലവാരം പരിശോധിച്ച് രേഖപ്പെടുത്തും. 100 മീറ്റര്‍, 600 മീറ്റര്‍ ഓട്ടം, സിറ്റ് അപ്, പുഷ് അപ്, പുള്‍ അപ് എന്നീ ഇനങ്ങളില്‍ നിശ്ചിത സമയത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ കാഴ്ചവയ്ക്കുന്ന പ്രകടനമാണ് രേഖപ്പെടുത്തുക. വിദ്യാര്‍ഥികളുടെ ഇവയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തിരിച്ച് ഓരോ വിദ്യാര്‍ഥിക്കും ആവശ്യമായ പരിശീലനവും പ്രോല്‍സാഹനവും നല്‍കും. നിലവിലെ കായികക്ഷമത മെച്ചപ്പെടുത്തുന്നതിനാവശ്യമായ പരിശീലനമാണ് തുടര്‍ന്നുള്ള മാസങ്ങളില്‍ നല്‍കുക. ജനുവരിയില്‍ ഇതേ മാതൃകയില്‍ വിദ്യാര്‍ഥികളുടെ കായികശേഷി പരിശോധിച്ച് പുരോഗതി വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിറ്റ്‌നസ് കാര്‍ഡ് തയ്യാറാക്കുക.

നിലവില്‍ കായികക്ഷമത മെച്ചപ്പെടുത്തുന്നതിന് സ്‌കൂളുകളില്‍ സംവിധാനമുണ്ടെങ്കിലും പഠന നിലവാരത്തിലെ പുരോഗതി പോലെ അത് പരിശോധിച്ചറിയാനുള്ള സംവിധാനമില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നിലവിലെ കായികക്ഷമത വിലയിരുത്തുന്നതിലൂടെ മാത്രമേ അത് വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള മല്‍സരമല്ലെന്നും ഓരോ വിദ്യാര്‍ഥിയും സ്വന്തത്തോട് നടത്തേണ്ട മല്‍സരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ അവസ്ഥയില്‍ നിന്ന് കായികക്ഷമതാ നിലവാരം മെച്ചപ്പെടുത്താനുള്ള മല്‍സരമാണ് ഓരോരുത്തരും നടത്തേണ്ടതെന്നും അതിനാവശ്യമായ പരിശീലനം സ്‌കൂളില്‍ നിന്ന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഗവ. ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കളരി, യോഗ, വ്യായാമമുറകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കായികക്ഷമതാ പരിശോധനയും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ ഒ രാധ, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന മൊയ്തീന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേന്ദ്രന്‍ പി.കെ, പി.ടി.എ പ്രസിഡന്റ് സുധീഷ് കുമാര്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് അഷറഫ്, സ്റ്റാഫ് സെക്രട്ടറി ദേവസ്യ ഓരത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീജ പി സ്വാഗതവും പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ നാരായണന്‍ കുട്ടി നന്ദിയും പറഞ്ഞു.

error: Content is protected !!