ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പി.ജെ കുര്യന്‍

രാജ്യസഭാ സീറ്റ് വിവാദം കോണ്‍ഗ്രസിൽ കൂടുതൽ പൊട്ടിത്തെറികളിലേക്ക് നീങ്ങുന്നു. ഉമ്മൻ ചാണ്ടിക്കെതിരേ രൂക്ഷമായ ആരോപണങ്ങളുമായി പി.ജെ.കുര്യൻ വീണ്ടും രംഗത്തുവന്നു. തനിക്ക് വേറെ ചില സഹായങ്ങൾ ചെയ്തുവെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി, ആ സഹായങ്ങൾ എന്താണെന്ന് വ്യക്തമാക്കണമെന്ന് കുര്യൻ ആവശ്യപ്പെട്ടു. തിരുവല്ലയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂര്യനെല്ലി കേസിൽ താൻ ഒരാളുടെയും സഹായം തേടിയിട്ടില്ല. ഇനി താൻ മറന്നുപോയതാണെങ്കിൽ ഉമ്മൻ ചാണ്ടി ഓർപ്പിക്കട്ടെ എന്നും, അപ്പോൾ തനിക്ക് പറയാനുള്ളത് പറയാമെന്നും കുര്യൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ തനിക്കെതിരേ ദുസൂചനയൊളിപ്പിച്ച് ഉമ്മൻ ചാണ്ടി സംസാരിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ ചില രാഷ്ട്രീയ ആവശ്യങ്ങൾ ഉമ്മൻ ചാണ്ടിയോട് ചോദിച്ചിട്ടുണ്ട്. താൻ ചോദിച്ചതുകൊണ്ടാണോ എന്ന് അറിയില്ല, അതൊന്നും സാധിച്ചിട്ടില്ലെന്നും കുര്യൻ പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ നിന്നും ഒരാൾക്ക് കെപിസിസി ജനറൽ സെക്രട്ടറി പദവി നൽകണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. രാജീവ് ഗാന്ധിയുടെ കാലത്ത് ചീഫ് വിപ്പായി തെരഞ്ഞെടുത്തപ്പോൾ
തന്നെ തനിക്ക് പത്തനംതിട്ട ഡിസിസി അധ്യക്ഷ പദവിയും നൽകി. ഈ പദവി നൽകരുതെന്ന് താൻ നേതൃത്വത്തോട് അപേക്ഷിച്ചതാണ്. ഉമ്മൻ ചാണ്ടിയുടെ നിർബന്ധമാണ് ഇക്കാര്യത്തിലുണ്ടായതെന്ന് തനിക്ക് പിന്നീട് ബോധ്യമായി. ഇക്കാര്യം എ.കെ.ആന്‍റണിയും തന്നോട് സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിൽ ജില്ലയിൽ നിന്നുള്ള ഒരു നേതാവിനെ സ്ഥാനാർഥിയാക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോട്ടയം ജില്ലക്കാരനായ ആന്‍റോ ആന്‍റണിയെയാണ് നേതൃത്വം സ്ഥാനാർഥിയാക്കിയത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വിട്ട് എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച പീലിപ്പോസ് തോമസിന് സീറ്റ് നൽകണമെന്ന് മൂന്ന് ടേമിൽ താൻ ആവശ്യപ്പെട്ടിരുന്നു. എല്ലാത്തവണയും സീറ്റ് ഉറപ്പാണെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി അവസാനം കാലുമാറുകയാണ് ചെയ്തത്. ഈ മൂന്ന് തവണയും പീലിപ്പോസ് തോമസ് താനാണ് സീറ്റില്ലാതാക്കിയതെന്ന് തെറ്റിദ്ധരിച്ചുവെന്നും അതുകൊണ്ടാണ് അദ്ദേഹം എൽഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ തയാറായതെന്നും കുര്യൻ പറഞ്ഞു.

കാര്യങ്ങൾ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് ഉമ്മൻ ചാണ്ടി ചെയ്യുന്നത്. 2005-ൽ തന്നെ രാജ്യസഭയിൽ എത്തിക്കാൻ ഇടപെട്ടുവെന്ന് ഉമ്മൻ ചാണ്ടിയുടെ അവകാശവാദം തെറ്റാണ്. പിന്നീട് 2012-ൽ തന്നെ ഒഴിവാക്കാൻ ഉമ്മൻ ചാണ്ടി ഇടപെടുകയും ചെയ്തു. പിന്നീട് ഹൈക്കമാൻഡ് ഇടപെടലിലൂടെയാണ് തനിക്ക് സീറ്റ് ലഭിച്ചത്. രാജ്യസഭയിലേക്ക് പോകണമെന്ന് താൻ ഒരിക്കൽ പോലും ആവശ്യപ്പെട്ടിരുന്നില്ലെന്നും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണ് എംപിയായതെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് പകരം മലബാറിൽ നിന്നുള്ള ഒരു പ്രതിനിധിയെ വിടാനാണ് ഉദ്ദേശിച്ചതെന്ന് ഉമ്മൻ ചാണ്ടിയുടെ വാദവും കുര്യൻ തള്ളി. അത്തരമൊരു താത്പര്യം ഉമ്മൻ ചാണ്ടിക്ക് ആത്മാർഥമായി ഉണ്ടായിരുന്നെങ്കിൽ, ഇത്തവണ അത് സാധ്യമായിരുന്നില്ലേ എന്നും എന്തുകൊണ്ട് ചെയ്തില്ലെന്നും കുര്യൻ ചോദിച്ചു.

error: Content is protected !!