നിപ്പ പോരാട്ടം :ഡോ. എ.എസ്. അനൂപ് കുമാറിന് സ്പെഷ്യല്‍ അവാര്‍ഡ് ; മികച്ച സേവനം കാഴ്ചവച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മോഡേണ്‍ മെഡിസിനില്‍ 2017ലെ മികച്ച സേവനം കാഴ്ചവച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. നിപ്പയിലെ പോരാളി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. എ.എസ്. അനൂപ് കുമാറിന് സ്പെഷ്യല്‍ അവാര്‍ഡ് നല്‍കാനും തീരുമാനിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ. മുരളീധരന്‍ പിള്ള സി., ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് സെക്ടറില്‍ കരമന ഇ.എസ്.ഐ. ഡിസ്പെന്‍സറിയിലെ ഡോ. എസ്. രാധാകൃഷ്ണന്‍, ആര്‍.സി.സി., ശ്രീചിത്ര തുടങ്ങിയ സ്വയംഭരണ മേഖലയില്‍ തിരുവനന്തപുരം ആര്‍.സി.സി.യിലെ ഡോ. ചന്ദ്രമോഹന്‍ കെ., ദന്തല്‍ മേഖലയില്‍ തിരുവനന്തപുരം ദന്തല്‍ കോളേജിലെ ഓര്‍ത്തോഡോണ്ടിക്സ് പ്രൊഫസറും മേധാവിയുമായ ഡോ. കോശി ഫിലിപ്പ്, സ്വകാര്യമേഖലയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ. ഷാജി തോമസ് ജോണ്‍ എന്നിവരെ മികച്ച ഡോക്ടര്‍മാരായി തിരഞ്ഞെടുത്തു.

ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ 10 ന് നടക്കുന്ന ‘നിപ്പ  നിയന്ത്രണം ത്യാഗോജ്ജ്വല സേവനത്തിന് ആദരവും ഡോക്ടേഴ്സ് ദിനാചരണവും’ ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

error: Content is protected !!